ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെ അന്വേഷണസംഘം ഏഴുമണിക്കൂര്‍ ചോദ്യംചെയ്തു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് ചോദ്യംചെയ്യലില്‍ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ചോദ്യംചെയ്യല്‍ ചൊവ്വാഴ്ചയും തുടരും.
സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളും ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ വീഡിയോ ക്ലിപ്പുകളും മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യല്‍ ദിലീപിനെ സമ്മര്‍ദത്തിലാക്കിയെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ സൂചിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11.20-ഓടെയാണ് ദിലീപ് ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. വൈകീട്ട് 6.30-വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വീണ്ടെടുത്ത തെളിവുകള്‍ നിരത്തിയായിരുന്നു എ.ഡി.ജി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍.
പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു. വാട്സാപ്പ് ചാറ്റുകള്‍, സംഭാഷണങ്ങള്‍, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍, സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉള്‍പ്പെടുത്തിയായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്.
ആദ്യദിവസത്തെ ചോദ്യംചെയ്യലിനുശേഷം അന്വേഷണസംഘം മൊഴി വിലയിരുത്തി. പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിച്ചു.
മുംബൈയിലേക്ക് കൊണ്ടുപോയ രണ്ട് ഫോണുകളിലെ വിവരങ്ങളും നശിപ്പിക്കപ്പെട്ടതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയതിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. സിനിമാ മേഖലയിലുള്ളവരുമായി ദിലീപ് നടത്തിയ ഫോണ്‍ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും മായ്ച്ചത് എന്തിന് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി പറഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്.
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്.
Content Highlights: actress molestation case, dileeps qustioning continues today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..