കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിടുതല്‍ഹര്‍ജിയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി. ദിലീപിനെതിരേ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

കൊച്ചിയിലെ വിചാരണക്കോടതി വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിനാണ് വിധി പറയുന്നത്. ഹര്‍ജി കോടതി തള്ളിയാല്‍ ദിലീപിന് വിചാരണ നടപടി നേരിടേണ്ടി വരും. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ദിലീപിന്റ ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നേരത്തെ കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്.

Content Highlights; actress molestation case, dileep discharged petition verdict on january 4