നടിയെ അപമാനിച്ച കേസിലെ പ്രതികൾ
കൊച്ചി: നടിയെ അപമാനിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി.
കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഞായറാഴ്ച രാവിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പു പറയാന്‍ തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയതായിരുന്നു നടി. ഷോപ്പിങ് മാളില്‍വെച്ച് നേരിട്ട ദുരനുഭവം നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കി. സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
അതേസമയം കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടതെന്നും അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ലെന്നുമാണ് പ്രതികളുടെ ഭാഷ്യം. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചതെന്നും അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചുവെന്നും പ്രതികള്‍ പറഞ്ഞു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു.
content highlights: actress molestation case: accused taken into custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..