കൊച്ചി: വാര്‍ത്താമാധ്യമങ്ങളിലൂടെയും ചാനല്‍ചര്‍ച്ചകളിലൂടെയും പിസിജോര്‍ജ്ജ് അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയില്‍ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നെടുമ്പാശ്ശേരി സിഐയാണ് മൊഴി രേഖപ്പെടുത്തിയത്. പിസി ജോര്‍ജ്ജ് നിരന്തരം തനിക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്.

നെടുമ്പാശ്ശേരി സിഐക്ക് മുമ്പാകെയാണ് നടി മൊഴി രേഖപ്പെടുത്തിയത്. സി ഐ നടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

പിസിജോര്‍ജ്ജ് നിരന്തരം തനിക്കെതിരെ ഉയര്‍ത്തിയ പ്രസ്താവനകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കാനും തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതിനും ഇടവരുത്തി എന്നാണ് നടി മൊഴിയില്‍ പറഞ്ഞത്. 

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ പിന്തുണച്ചു കൊണ്ട് പി.സി.ജോര്‍ജ്ജ് പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ പ്രസ്താവനയില്‍ അക്രമിക്കപ്പെട്ട നടിക്കെതിരെയും മോശമായ അഭിപ്രായ പ്രകടനം നടത്തി.

' ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി, ഏതാശുപത്രിയിലാണ് അവര്‍ ചികില്‍സ തേടിയത്'എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

അക്രമത്തെ അതിജീവിച്ച നടിയെ ഇകഴ്ത്തുന്ന പ്രസ്താവന നടത്തിയ പിസിക്കെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ വനിതാ കമ്മീഷന്‍ തന്നെ തൂക്കിക്കൊല്ലുമോ എന്നും അല്‍പം ഉള്ളി കാട്ടിയാല്‍ കരയാമായിരുന്നു എന്നും പരിഹസിച്ച പി.സി ജോര്‍ജ് തനിക്ക് നോട്ടീസയച്ചാല്‍ സൗകര്യമുള്ള സമയത്ത് ഹാജരാകുമെന്നാണ് പരസ്യമായി പറഞ്ഞത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.