കൊച്ചി: പള്‍സര്‍ സുനിയും സംഘവും നടത്തിയ ആക്രമണത്തിനിരയായ നടി വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ആദം  എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് നടി ഇന്ന് എത്തുന്നത്.

നേരത്തെ നടി ശനിയാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ടേക്കും എന്ന് അറിയിച്ചിരുന്നുവെങ്കിലും കേസന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളെ കാണരുതെന്ന പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അവര്‍  കൂടിക്കാഴ്ച്ച മാറ്റിവച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച്ച വൈകിട്ട് അവര്‍ മാധ്യമങ്ങളെ കണ്ടേക്കും എന്നാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം. 

പൃഥിരാജ്,നരെയ്ന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രമായി അഭിനയിക്കേണ്ടിയിരുന്ന നടി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് കാറില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നീട്ടിവയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നുവെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്താന്‍ നടി തീരുമാനിച്ചതോടെയാണ്  ആദത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. 

പള്‍സര്‍ സുനിയും സംഘവും നടത്തിയ ആക്രമണത്തിന് ശേഷം കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു നടിയെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സംഭവത്തിന് ശേഷം വീട് വീട്ട് പുറത്തിറങ്ങാന്‍ നടി തയ്യാറായിരുന്നില്ല. സംഭവശേഷം പലതവണ പോലീസിന്റെ ചോദ്യം ചെയ്യല്ലിന് വിധേയായ നടി, രാഷ്ട്രീയക്കാരും സിനിമാക്കാരും അടക്കമുള്ള സുഹൃത്തുക്കളോടും ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചു വിശദീകരിക്കേണ്ടി വന്നിരുന്നു. 

മാപ്പ്; സ്ത്രീ വിരുദ്ധ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് പൃഥ്വിരാജിന്റെ ഉറപ്പ്‌......

ഏറെകാലമായി മലയാളത്തില്‍ ചിത്രങ്ങളില്ലാതിരുന്ന നടിക്ക് ഇടവളേയ്ക്ക് ശേഷം ലഭിച്ച ചിത്രമാണ് ഹണീബീ 2 വും, ആദവും. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാവരില്‍ നിന്നുമകന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്നതിലും നല്ലത് ജോലിയില്‍ തിരികെ പ്രവേശിക്കുന്നതാണെന്ന് അടുപ്പമുള്ളവര്‍ നടിയെ ഉപദേശിച്ചിരുന്നു. 

നഷ്ടപ്പെട്ട ഊര്‍ജ്ജവും ധൈര്യവും നടി തിരിച്ചു പിടിച്ചെന്നാണ് അഭിനയരംഗത്തേക്കുള്ള അവരുടെ തിരിച്ചു വരവിനെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി വിശേഷിപ്പിച്ചത്. താനല്ല തന്നെ ആക്രമിച്ചവരാണ് മുഖം മൂടി നടക്കേണ്ടതെന്നും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, അതിനാല്‍ ആരില്‍ നിന്നും ഒന്നിലും നിന്നും ഒളിച്ചോടേണ്ടതില്ലെന്നുമാണ് നടി തന്നോട് പറഞ്ഞതെന്നും ഭാഗ്യലക്ഷമി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നടി തിരിച്ചെത്തിയതിലുള്ള സന്തോഷം നടിയുടെ സഹതാരമായ പൃഥിരാജും ഫേസബുക്കിലൂടെ പങ്കുവച്ചു.