കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി.തോമസ് എംഎൽഎ സാക്ഷി വിസ്താരത്തിന് ഹാജരായി. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എംഎൽഎ വിസ്താരത്തിനായി ഹാജരായത്. ​കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ് പി.ടി.തോമസ്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്.

നടിയെ അക്രമികൾ ലാലിന്റെ കാക്കനാട്ടുള്ള വീട്ടിൽ ഇറക്കിവിടുകയായിരുന്നു. ലാൽ വിളിച്ചതനുസരിച്ച് അർധരാത്രിതന്നെ തൃക്കാക്കര എംഎൽഎയായ പി.ടി.തോമസ് ഇവിടെ എത്തുകയും ആക്രമിക്കപ്പെട്ട നടിയോട് ഉൾപ്പെടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയെ സാക്ഷി ചേർത്തത്.

കേസിന്റെ ആദ്യഘട്ടത്തിലെ അന്വേഷണവും മറ്റും സംബന്ധിച്ച നിർണായക വിവരങ്ങൾ എംഎൽഎയ്ക്ക് നൽകാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളെ ആദ്യഘട്ടത്തിൽ വിസ്തരിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരവും പൂർത്തിയായതായാണ് വിവരം. ​വിചാരണ നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ ബാധിച്ചതിനാൽ പ്രത്യേക കോടതി ജഡ്ജി കൂടുതൽ സമയം തേടിയിരുന്നു.