2 ദിവസങ്ങളിലായി 16 മണിക്കൂര്‍; ബാലചന്ദ്രകുമാര്‍ എത്തിയതോടെ പല ചോദ്യങ്ങള്‍ക്കും മൗനംപാലിച്ച് ദിലീപ്


ദിലീപ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍, തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെയും സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും ചൊവ്വാഴ്ച ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ദിലീപിനെ ചോദ്യംചെയ്യുന്നതിനിടെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. ഒരുമിച്ചുള്ള ചോദ്യംചെയ്യല്‍ നാലുമണിക്കൂറിലധികം നീണ്ടു. ബാലചന്ദ്രകുമാര്‍ എത്തിയതോടെ പല ചോദ്യങ്ങള്‍ക്കും ദിലീപ് മൗനംപാലിച്ചതായാണ് വിവരം.

ബാലചന്ദ്രകുമാര്‍ പോയശേഷവും ദിലീപിനെ ചോദ്യംചെയ്യുന്നത് തുടര്‍ന്നു. ഒമ്പതര മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി എട്ടുമണിയോടെയാണ് ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യല്‍ തുടരുമെന്നാണ് സൂചന. രണ്ടുദിവസങ്ങളിലായി 16 മണിക്കൂറോളമാണ് ദിലീപനെ ചോദ്യംചെയ്തത്. ലഭിച്ച മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യുന്നകാര്യം തീരുമാനിക്കും. ഇതോടൊപ്പം മറ്റു പലരേയും ചോദ്യംചെയ്യേണ്ടിവരുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്. ദിലീപിനെതിരേ മതിയായ തെളിവുകളുണ്ടെന്ന് ചോദ്യംചെയ്യല്‍ കഴിഞ്ഞിറങ്ങിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018-നവംബറില്‍ ദിലീപ് കണ്ടതായുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലില്‍ത്തന്നെ ദിലീപ് തള്ളിയിരുന്നു. പണം തട്ടിയെടുക്കാന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കിയ ബ്ലാക്മെയില്‍ കെണിയില്‍ വീഴാതിരുന്നതിനാലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. കേസ് തനിക്ക് അനുകൂലമായിവരുമ്പോഴെല്ലാം ആരെങ്കിലും ഇത്തരത്തില്‍ രംഗത്തുവരാറുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഈ മൊഴികള്‍ സാധൂകരിക്കാന്‍ കഴിയുന്ന തെളിവുമായി വരാന്‍ ദിലീപിനോട് നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് ബാലചന്ദ്രകുമാറിനേയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

വി.ഐ.പി. ശരത് തന്നെയെന്ന് ക്രൈംബ്രാഞ്ച്, ഇന്നും ചോദ്യംചെയ്യും

നടിയെ ആക്രമിച്ച സംഭവം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ച വി.ഐ.പി. ശരത്താണെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചൊവ്വാഴ്ച ശരത്തിനെ ഏഴു മണിക്കൂര്‍ ചോദ്യംചെയ്തു. ശേഷം വിട്ടയച്ചു. ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യലിന് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യംചെയ്യലില്‍ ശരത് പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന് കൈമാറിയിട്ടില്ല. ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് അറിയില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കളവാണെന്നും ശരത് ചോദ്യംചെയ്യലില്‍ പറഞ്ഞു.

നേരത്തെ നടത്തിയ ശബ്ദപരിശോധനയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. അതോടെ, ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ച വി.ഐ.പി. ശരത്താണെന്നുമുള്ള നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വ്യക്തതത വരുത്തുന്നതിനാണ് ചോദ്യംചെയ്യലിന് വിളിപ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചത് വി.ഐ.പി.യാണെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്ച ശരത്തിനെ ചോദ്യംചെയ്തത്. ശരത്ത് ഗൂഢാലോചനക്കേസില്‍ പ്രതിയല്ല. തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയിലാണ് വി.ഐ.പി.യെ പ്രതിചേര്‍ത്തത്.

വധ ഗൂഢാലോചനക്കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ചയും വാദം തുടരും. ദിലീപിനായി സുപ്രീംകോടതി അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാളാണ് ഹാജരാകുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയ ശേഷമാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടാകുന്നതെന്ന് ദിലീപ് വാദിച്ചു. മുഖ്യമന്ത്രിക്ക് പരാതിനല്‍കുന്നതിന് മുന്‍പും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടിരുന്നു. സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ ഇത് കണ്ടെത്താനാകുമെന്നും വാദിച്ചു. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായില്ല. തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മാറ്റിയത്.

ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചനാ കേസ് എന്നതാണ് ദിലീപിന്റെ വാദം. കേസിലെ മുഴുവന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നേരത്തേ കൈമാറുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് വധഗൂഢാലോചന കേസ് സൃഷ്ടിച്ചത്. തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണവും ദിലീപ് ഹര്‍ജിയില്‍ നിഷേധിച്ചിട്ടുണ്ട്. ദിലീപിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും ഫോണ്‍രേഖകള്‍ അടക്കം നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

Content Highlights: Actress attack case dileep was interrogated for 16 hours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented