കോടിയേരി ബാലകൃഷ്ണൻ |ഫോട്ടോ:മാതൃഭൂമി
കൊച്ചി: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ നടപടിയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പരാതി വന്നത് ദുരൂഹമാണെന്നും അഭിഭാഷകരെ ചോദ്യംചെയ്യേണ്ട എന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്നും അത് അന്വേഷണസംഘമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ നടിയ്ക്കൊപ്പമാണെന്നും അതിജീവിതയ്ക്ക് നീതി നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സന്ദര്‍ഭത്തില്‍ പരാതി വന്നത് ദുരൂഹമാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് കണക്കാക്കിയുള്ള പുതിയ പ്രചാരണമാണ് അതീജിവിതയുടെ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം നടത്തുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറും. അതിജീവിത പറയുന്ന ആരെ വേണമെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അവര്‍ പറഞ്ഞയാളെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചുനല്കിയത്. അതിലൊന്നും സര്‍ക്കാരിന്റെ താത്പര്യമല്ല, അതിജീവിതയുടെ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കിയത്. നടിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കട്ടെ. അവരുടെ കൈയിലെ വിവരങ്ങളെല്ലാം കോടതിയില്‍ സമര്‍പ്പിക്കട്ടെ, കോടതി അത് പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
നേരത്തെ മന്ത്രി ആന്റണി രാജുവും വിഷയത്തില്‍ സമാനമായരീതിയില്‍ പ്രതികരണം നടത്തിയിരുന്നു. നടിയുടെ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ശക്തികളുണ്ടെന്നും മറ്റുചില താത്പര്യങ്ങള്‍ക്കായി നടിയെ ആരോ ഉപയോഗിക്കുന്നതാണെന്നുമാണ് മന്ത്രി പറഞ്ഞത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഈ ആരോപണം എങ്ങനെ വന്നെന്നും മന്ത്രി ചോദിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരേ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്നതായി ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ദിലീപിന്റെ അഭിഭാഷകര്‍ കേസിലെ തെളിവ് നശിപ്പിക്കാന്‍ ഇടപെടുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകരുടെ പങ്കിനെകുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന അഭിഭാഷകനും കൂട്ടാളികള്‍ക്കും ഭരണകക്ഷിയിലുള്ള സ്വാധീനത്തെത്തുടര്‍ന്ന് ഇത് വിജയിച്ചില്ല. തുടരന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ഉറപ്പ് അഭിഭാഷകര്‍ക്ക് രാഷ്ട്രീയനേതൃത്വം നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിക്കുകയും കേടുവരുത്തുകയും ഉള്ളടക്കം കൈമാറ്റംചെയ്യുകയും ചെയ്തത് സംബന്ധിച്ച് ഒരു അന്വേഷണവും നടക്കാത്തതിലും ഇടപെടല്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ ശരിയായ അന്വേഷണത്തിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയുംചെയ്തു. എട്ടാം പ്രതിയായ ദിലീപ് നേരിട്ടും അല്ലാതെയും ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചതോടെയാണ് തുടരന്വേഷണത്തില്‍ ഇടപെടല്‍ ഉണ്ടാകുന്നതും അന്വേഷണം നേരത്തേ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും. പ്രതിയും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതില്‍ പ്രകടമാകുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹര്‍ജി. തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് 31-നകം നല്കാന് അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..