കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൊഴിമാറ്റി കേസിലെ മുഖ്യസാക്ഷി. മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമായി രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യം പോലീസ് അറിയുന്നത്. 

പള്‍സര്‍ സുനിയും കൂട്ടുപ്രതിയായ വിജേഷും കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ വന്നത് കണ്ടുവെന്ന മൊഴിയാണ് ലക്ഷ്യയിലെ ജീവനക്കാരന്‍ മാറ്റിയത്. കടയില്‍ വരുന്നത് താന്‍ കണ്ടിട്ടില്ല എന്നാണ്  ഇയാള്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റി പറഞ്ഞത്. ലക്ഷ്യയിലെ ജീവനക്കാരന്‍ നല്‍കിയ മൊഴി മുഖ്യസാക്ഷി മൊഴിയായി പോലീസ് കണക്കാക്കിയിരുന്നു.

കേസില്‍ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതിയായ ചാര്‍ളിയും  അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ ആവര്‍ത്തിച്ചില്ല എന്നതും ശ്രദ്ധേയമാണ്. പള്‍സര്‍ സുനിക്കും കൂട്ട് പ്രതിക്കും കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സാഹചര്യം ഒരുക്കിയ ആളാണ് ചാര്‍ളി.

ദിലീപ് നല്‍കിയ ക്വട്ടേഷന്റെ ഭാഗമായാണ് നടിക്കെതിരേ നടന്ന ആക്രമണമെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞുവെന്നായിരുന്നു പിടിയിലാകുമ്പോള്‍ ചാര്‍ളി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ഇക്കാര്യം ചാര്‍ളി ആവര്‍ത്തിച്ചില്ല. 

മൊഴിമാറ്റം കേസിന്റെ മുന്നോട്ടുള്ള പോക്കിനെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുന്നെ തന്നെയാണ് ഇത്തരത്തിലൊരു മൊഴിമാറ്റം നടന്നതെന്നതും ശ്രദ്ധേയമാണ്.