
കേരള ഹൈക്കോടതി | മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യത്തിനെതിരെ ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ വീഴ്ചകള്‍ മറികടക്കാന്‍ വേണ്ടിയാകരുത് പുനര്‍വിസ്താരം. വിചാരണ നീട്ടനാണോ പ്രോസിക്യൂഷന് ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങള്‍ മുമ്പേ കഴിഞ്ഞതാണ്. ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിലെന്താണെന്നും ഹൈക്കോടതി ആരാഞ്ഞു.
സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. എന്നാല്‍ സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു. കേസിനെ ഏത് രീതിയിലാണ് ഇത് ബാധിക്കുന്നതെന്നും കോടതി ചോദിച്ചു.
കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി അനുവദിക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന് ദിലീപ് അടക്കമുളളവര്‍ ശ്രമിക്കുന്നതിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് ശബ്ദരേഖ അടക്കമുള്ളവയാണ് ബാലചന്ദ്രകുമാര്‍ അടുത്തയിടെ പുറത്തുവിട്ടത്.
Content Highlights : Actress Attack Case; There should be sufficient reason to re-examine the witnesses says High court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..