ദിലീപ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ദിലീപ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവുന്നില്ല. തെളിവിന് വേണ്ടി കോടതി മുന്‍പാകെ വന്ന് ഇരക്കേണ്ട അവസ്ഥയാണ് പ്രോസിക്യൂഷനുള്ളത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. അതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യം അനുവദിക്കരുത്.
ഫോണുകള്‍ മുംബൈയിലയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ദിലീപിന്റെ ആവശ്യം കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഒരു കേസിലുംആര്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. ദിലീപിന് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. ഒരു പ്രതിക്കും ഇത്രയധികം പ്രിവിലേജ് കിട്ടിയിട്ടില്ല. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ട്. ഏഴ് ഫോണിന്റെ കാര്യമാണ് ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍ ഏഴില്‍ കൂടുതല്‍ ഫോണുകള്‍ ഉണ്ടാവാം. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാനാണ്. ഫോണിന്റെ വിവരങ്ങള്‍ തന്നത് പ്രതിയല്ല. ഫോണ്‍ വിവരങ്ങള്‍ സിഡിആര്‍, ഐഎംഇ രേഖകള്‍ വെച്ച് അന്വേഷണ സംഘം കണ്ടുപിടിച്ചതാണ്. ദിലീപ് ഫോണുകള്‍ മാറ്റിയത്. നിസ്സഹകരണമായി കണക്കാക്കാം. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
അതേസമയം കേസന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന് ബി രാമന്‍പിള്ള കോടതിയെ അറിയിച്ചു. കെട്ടിച്ചമച്ച കേസാണ് ദിലീപിനെതിരേ ഉള്ളത്. ദിലീപിന്റെ വീട്ടിലെ സകല പുരുഷന്മാരേയും കേസില്‍ പ്രതിചേര്‍ത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ ഇനി 84 വയസ്സുള്ള അമ്മയും സ്ത്രീകളും മാത്രമാണ് കേസിലുള്‍പ്പെടുത്താനുള്ളത് തുടങ്ങിയ കാര്യങ്ങളാണ് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.
കോടതി ആവശ്യപ്പെട്ടത് പ്രകാരമുള്ള ആറ് ഫോണുകള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ദിലീപിന്റെ മൂന്ന് മൊബൈല്‍ ഫോണും സഹോദരന് അനൂപിന്റെ രണ്ട് ഫോണും സഹോദരീഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണും തിങ്കളാഴ്ച 10.15-നുമുമ്പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്‍പാകെ ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. പ്രോസിക്യൂഷന് നല്കിയ ഉപഹര്‍ജിയിലാണ് ആറ് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രോസിക്യൂഷന് എഴുതി നല്‍കിയതിലെ 2,3,4 ക്രമനമ്പറുകളിലെ ഫോണുകളാണ് കൈമാറിയത് ഒന്നാം നമ്പറില്‍ പറയുന്ന നാലാമത്തെ ഐ ഫോണ്‍ ഏതാണെന്ന് തനിക്കറിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
Content Highlights : Conspiracy Case; Actor Dileep's bail hearing has been postponed to Thursday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..