ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

അതേ സമയം ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട്‌ ദിലിപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഉപാധികളോടെയാണ് ദൃശ്യങ്ങള്‍ കാണാന്‍ മാത്രം കോടതി അനുമതി നല്‍കിയത്‌.

നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ്‌ ദൃശ്യങ്ങള്‍ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ച കോടതി ദൃശ്യങ്ങള്‍ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കാണാമെന്നും ഉത്തരവിട്ടു.

മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ പ്രതിക്ക് നല്‍കേണ്ടതാണെന്നും തൊണ്ടിമുതലാണെങ്കില്‍ നല്‍കാനാവില്ലെന്നും വാദമുയര്‍ന്നിരുന്നു.

മെമ്മറി കാര്‍ഡ് നല്‍കുന്നത് ഇരയുടെ സ്വകാര്യത ഹനിക്കലാണെന്ന് നടിയും സംസ്ഥാനസര്‍ക്കാരും വാദിച്ചപ്പോള്‍, അത് രേഖയാണെങ്കില്‍ പകര്‍പ്പുലഭിക്കേണ്ടത് തന്റെ അവകാശമാണെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.

രേഖയാണെങ്കില്‍ അത് ലഭിക്കാന്‍ പ്രതിക്ക് അവകാശമില്ലേയെന്ന് കോടതി ആരാഞ്ഞപ്പോള്‍, അഥവാ നല്‍കുകയാണെങ്കില്‍ത്തന്നെ സുരക്ഷാ മുന്‍കരുതലെടുത്തിരിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ബോധിപ്പിച്ചത്‌.

Content Highlights: Actress assault case- Supreme Court refuses to hand over footage to Dileep