ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. ഇനി സമയം നീട്ടി നൽകില്ല എന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണം എന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടത് ആയിരുന്നു. എന്നാൽ പ്രോസിക്യുഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകളും, പ്രോസിക്യുട്ടർ ഹാജരാകാത്തതിനാലും സുപ്രീം കോടതി നിർദേശിച്ച സമയത്തിന് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ആഗസ്ത് മാസത്തിന് ഉള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചു. 

കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആയിരുന്നു  2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാൽ കോവിഡും ലോക്‌ഡോണും കാരണം വിചാരണ നടപടി നീണ്ടു പോയിരുന്നു. ഇത് രണ്ടാം തവണ ആണ് വിചാരണ പൂർത്തിയാക്കാൻ ഉള്ള സമയം സുപ്രീം കോടതി നീട്ടി നൽകുന്നത്.

Content Highlights: Actress abduction case ;Supreme court grants six month time to complete trial