കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ അന്വേഷണ സംഘം ചോദ്യംചെയ്തു. നടിയെ ആക്രമിച്ച സംഭവം അറിഞ്ഞത് എപ്പോഴാണെന്നും എങ്ങനെയെന്നും പോലീസ് ആരാഞ്ഞതായാണ് സൂചന. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ.

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗായികയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അക്രമിക്കപ്പെട്ട നടിയും റിമി ടോമിയും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകലുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ദിലീപും റിമിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് റിമി ടോമിയെ ചോദ്യംചെയ്തത്. റിമിയോട് വിദേശത്ത് പോകരുതെന്നും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതായാണ് സൂചന.