പ്രതീകാത്മകചിത്രം| Photo: Mathrubhumi
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍വരെ ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങുന്നത്. വൈകാതെ മുഖ്യമന്ത്രിയുമായി നടി കൂടിക്കാഴ്ച നടത്തിയേക്കും.
കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നനിലപാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. തുടരന്വേഷണത്തില്‍ ഒപ്പം സര്‍ക്കാരുണ്ടാകുമെന്ന സന്ദേശം നല്‍കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നറിയുന്നു.
തുടരന്വേഷണം കാര്യക്ഷമമല്ലെന്ന നടിയുടെ പരാതി ഹൈക്കോടതിയില്‍ എത്തിയതോടെ രാഷ്ട്രീയ-സാംസ്‌കാരിക കേരളം നടിക്ക് പിന്തുണയുമായി വന്നിരുന്നു. അന്വേഷണം പാതിയില്‍ അവസാനിപ്പിക്കുന്നു എന്നായിരുന്നു പരാതി.
എന്നാല്‍, അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെങ്കില്‍ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കം ക്രൈംബ്രാഞ്ച് സംഘം ആരംഭിച്ചതായും സൂചനയുണ്ട്.
പുനരന്വേഷണം പ്രധാനഘട്ടത്തില്‍ എത്തിയപ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചെങ്കിലും ഇത് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അഭിഭാഷകരെ ചോദ്യംചെയ്യാനുമായില്ല.
കോടതിയുടെ കൈവശമുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യു മാറ്റിയതായും ദിലീപിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ നശിപ്പിച്ചതായും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഈ വിഷയത്തിലും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. കേസില്‍ ഇതുവരെ 15 പ്രതികളാണുള്ളത്. പുനരന്വേഷണത്തില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയിരുന്നു.
അതിജീവിതയുടെ ഹര്‍ജി: സര്‍ക്കാര്‍ മറുപടിനല്‍കണം -ഹൈക്കോടതി
കൊച്ചി: സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ വിചാരണക്കോടതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടണമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വിശദീകരണം പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. ഇതിനായി ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിഷയം രാഷ്ട്രീയമാക്കരുതെന്ന ആവശ്യവും ഡി.ജി.പി. ഉന്നയിച്ചു. നടിക്ക് എല്ലാ സഹായവും കിട്ടുന്നുണ്ടെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി.
നടിക്ക് നീതികിട്ടണമെന്നത് സര്‍ക്കാരടക്കം എല്ലാവരുടെയും ആവശ്യമാണ്. നടിക്കുകൂടി വിശ്വാസമുള്ള പ്രോസിക്യൂട്ടറെ നിയമിക്കാനായി മാസങ്ങള്‍ക്കുമുന്‍പ് പേര് നിര്‍ദേശിക്കാന്‍ നടിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസം മുന്‍പാണ് അഭിഭാഷക വഴി നടി ഒരു പേര് നിര്‍ദേശിച്ചത്. ഈ അഭിഭാഷകന്റെ യോഗ്യതകള്‍ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ഡി.ജി.പി. വിശദീകരിച്ചു.
ഇതിനിടയില്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നത് ഇതിനു വിരുദ്ധമായ ആരോപണങ്ങളാണ്. അതിജീവിതയ്ക്ക് ആശങ്കപ്പെടാന്‍ കാരണമില്ല. അതിനാല്‍ ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യവും ഡി.ജി.പി. മുന്നോട്ടുവെച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ വിശദീകരണം വേണമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ ഉത്തരവ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചു. എന്നാല്‍, ഇപ്പോള്‍ നിശ്ചയിക്കുന്ന സമയപരിധി നീട്ടാനാകില്ലെന്നും അത് മറ്റൊരു കോടതിയുടെ ഉത്തരവാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് വിഷയം രാഷ്ട്രീയമാക്കരുതെന്ന ആവശ്യം ഡി.ജി.പി. ഉന്നയിച്ചത്. അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം നടിയുടെ അഭിഭാഷക ടി.ബി. മിനി ഉന്നയിച്ചു. അത് എങ്ങനെ പറയാനാകുമെന്ന് ഡി.ജി.പി. ചോദിച്ചു.
വിചാരണയെ ബാധിക്കുമെന്നതിനാല്‍ കേസിലെ പ്രതികളെയും ഹര്‍ജിയില്‍ കക്ഷിചേര്‍ക്കേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞു. ഇതിനുപിന്നാലെയാണ് വിചാരണക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് തേടണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചത്. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം എന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാത്തത് ഹര്‍ജിയില്‍ ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
സര്‍ക്കാര്‍ വിശദീകരണം പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അതിനായി ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് പാതിവെന്ത അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് നടിയുടെ ഹര്‍ജി. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദ്യശ്യങ്ങള്‍ കോടതിയില്‍നിന്ന് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Content Highlights: Actress abduction case CM Pinarayi Vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..