കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സിആര്‍പിസി 406 പ്രകാരമാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുളള ആവശ്യം ഹര്‍ജിയായി ഉന്നയിക്കുന്നത്. 

ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ തന്നെയായിരിക്കും പ്രധാനമായും സുപ്രീംകോടതിയിലും അറിയിക്കുക. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്നുളളതായിരിക്കും വാദം. 2013-ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം. 

കോടതിയില്‍ നടന്നിട്ടുളള മറ്റുകാര്യങ്ങള്‍ എല്ലാം നേരത്തേ ഹൈക്കോടതിയെ അറിയിച്ചിട്ടുളളതാണ്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സുപ്രീംകോടതിയിലേക്ക് സംസ്ഥാനസര്‍ക്കാര്‍ പോകുന്നത്. 

നേരത്തേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം ആലോചിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസ്സമായതിനാലാണ് സിആര്‍പിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുളള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുളള നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടന്നുവരികയാണ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നാണ് വിവരം. 

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുക എന്നുളളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹര്‍ജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ അഭിഭാഷകര്‍ കടന്നുകഴിഞ്ഞു. 

ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണകോടതിയുടെ ശ്രമം. അടുത്തമാസം രണ്ടാം തീയതി വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ  പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കമുളളവര്‍ക്കും വിചാരണ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരണം കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ രാജിവെച്ചിരുന്നു. എന്നാല്‍ സുരേശന്റെ രാജി ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല.

Content Highlights:Actress abduction case: Kerala Govt to move Supreme court