ദിലീപ്
കൊച്ചി: 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
9********6 നമ്പര്‍ മൊബൈല്‍ഫോണ്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യാമാധവന്‍ ചോദ്യംചെയ്തപ്പോള്‍ പറഞ്ഞത്. എന്നാല്‍, ഇത് കാവ്യാമാധവന്‍ ഉപയോഗിച്ചതാണെന്നതിനു തെളിവ് കിട്ടിയിട്ടുണ്ട്. വിവാഹത്തിനുമുമ്പ് കാവ്യാമാധവന്‍ ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്നത് ഈ ഫോണാണ്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതുമായി ഇതിന് ബന്ധമുണ്ട്. കാവ്യാമാധവന്റെ അമ്മയുടെ പേരിലുള്ള ഫോണാണ് ഇതെന്നാണ് സേവനദാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ടാബ് ആലുവ സ്വദേശിയായ ശരത് ജി. നായര്‍ ആണ് ദിലീപിന് കൈമാറിയത്. ഈ ടാബ് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വിചാരണക്കോടതി നടപടിചോദ്യംചെയ്ത് പ്രോസിക്യൂഷന്‍
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കണമെന്ന ആവശ്യം നിഷേധിച്ച വിചാരണക്കോടതി ജഡ്ജിയുടെ നടപടി വിചിത്രവും അദ്ഭുതപ്പെടുത്തുന്നതുമാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
വിചാരണക്കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫൊറന്‍സിക് ഡയറക്ടര്‍ 2020 ജനുവരി 29-ന് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വിവരം കഴിഞ്ഞ ഫെബ്രുവരിവരെ പ്രോസിക്യൂഷനില്‍നിന്ന് മറച്ചുവെച്ചു. തുടരന്വേഷണത്തിലാണ് ഫൊറന്‍സിക് ലാബില്‍നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് അറിയുന്നത്. ഇതിന്റെ പകര്‍പ്പ് പിടിച്ചെടുക്കുകയും ചെയ്തു.
2017 ഫെബ്രുവരി 18-ന് മെമ്മറി കാര്‍ഡിലേക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പലതവണ ഇത് പരിശോധിച്ചിട്ടുണ്ട്. ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന അനിവാര്യമാണ്.
മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുത്തതായി മേയ് 26 വരെ പ്രോസിക്യൂഷന് അറിവുണ്ടായിരുന്നില്ല.
എന്നാല്‍, മേയ് 26-ന് കേസ് പരിഗണിച്ചപ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം മേയ് ഒന്‍പതിന് തള്ളിയതായി വിചാരണക്കോടതി അറിയിച്ചു. ഇക്കാര്യം സാധാരണ തപാലില്‍ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.യ്ക്ക് മേയ് 17-ന് അയച്ചുകൊടുക്കുകയും ചെയ്തു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
Content Highlights: Actress abduction case Dileep Pulsar Suni High Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..