പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പുകാലത്ത് പരാതിയുമായി വന്നത് ദുരൂഹമാണെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിച്ചത് ആരാണെന്നുപറയട്ടെ. അതുപറയുന്നില്ലെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ എന്നും അതിജീവിതയ്‌ക്കൊപ്പമാണ് നിന്നത്. ആ നിശ്ചയദാര്‍ഢ്യംകൊണ്ടാണ് പ്രഗല്ഭവ്യക്തിയെത്തന്നെ അറസ്റ്റുചെയ്തത്. യു.ഡി.എഫ്. ഭരണകാലത്തായിരുന്നെങ്കില്‍ അത് നടക്കുമായിരുന്നോ? സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ വെച്ചതുപോലും അതിജീവിതയുടെ താത്പര്യത്തിന് അനുസരിച്ചാണ്. ഈ കേസില്‍ സര്‍ക്കാര്‍ പൂര്‍ണമായും അതിജീവിതയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിന്റെ ഒരു ഘട്ടത്തിലും പോലീസിന് കൈവിറയലുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ്. ആയിരുന്നു അധികാരത്തിലെങ്കില്‍ ആ ഉന്നതന്റെ അറസ്റ്റുനടക്കുമായിരുന്നോ. യു.ഡി.എഫ്. പ്രതികള്‍ക്കൊപ്പമാണ് നിന്നത്. പഴുതടച്ച കുറ്റാന്വേഷണത്തിന്റെ മുന്നില്‍നിന്ന് എത്ര ഉന്നതനും രക്ഷപ്പെടില്ല. എല്ലാഘട്ടത്തിലും നടിക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. അതിജീവിതയ്ക്കും നീതി ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നില്‍ രാഷ്ട്രീയശക്തികള്‍ -ആന്റണി രാജു
അതിജീവിതയുടെ പരാതിക്കുപിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്ന് മന്ത്രി ആന്റണി രാജു. രാഷ്ട്രീയലക്ഷ്യത്തോടെ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ വേളയില്‍, വിസ്മയകേസിന്റെ വിധിവരുന്ന ദിവസംതന്നെ മറിച്ചൊരു ആരോപണംവരുന്നത് ബോധപൂര്‍വം കെട്ടിച്ചമച്ചതാണ്.
കുറ്റപത്രം സമര്‍പ്പിക്കുംമുമ്പേ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞത് ബാലിശമാണ്. ശരിയായ കുറ്റപത്രം കൊടുക്കുന്നതിനുമുമ്പേ അതിലെ കാര്യങ്ങള്‍ എങ്ങനെ അറിഞ്ഞു. മറ്റുചില താത്പര്യങ്ങളോടെ ആരോ അവരെ ഉപയോഗിക്കുകയാണെന്നും ആന്റണി രാജു പറഞ്ഞു.
തൃക്കാക്കര തിരഞ്ഞെടുപ്പിലും ആളിക്കത്തുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസും തൃക്കാക്കരയില്‍ പ്രചാരണായുധമാവുന്നു. നടി സര്‍ക്കാരിനെതിരേ ശക്തമായി രംഗത്തുവന്നത് പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ്. എന്നാല്‍, അതിജീവിതയെ തള്ളിപ്പറയാതെതന്നെ, സര്‍ക്കാര്‍വശം ന്യായീകരിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഒപ്പം, വിസ്മയക്കേസിലെ വിജയം ഉയര്‍ത്തിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായത് തൃക്കാക്കര മണ്ഡലത്തിലാണ്. കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് അന്തരിച്ച മുന്‍ എം.എല്‍.എ. പി.ടി. തോമസ്. ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായ ആരോപണമുയരുമ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസുതന്നെ അതിനെതിരേ രംഗത്തുവന്നിരിക്കുകയാണ്.
കേസ് തേച്ചുമായ്ച്ചുകളയുമെന്നും നടിക്ക് നീതികിട്ടുമെന്നു തോന്നുന്നില്ലെന്നും പി.ടി. തോമസ് അന്നുതന്നെ തന്നോടുപറഞ്ഞിട്ടുണ്ടെന്ന് ഉമ പറഞ്ഞു. അതിജീവിതയ്ക്ക് നീതികിട്ടാന്‍ സംഘടിപ്പിച്ച പരിപാടികളില്‍ താന്‍ പങ്കെടുത്തത് അതിനാലാണ്.
സ്ത്രീകളുടെകൂടെ ഈ ഭരണകൂടം ഒരിക്കലും നിന്നിട്ടില്ല. മഞ്ഞക്കുറ്റി അടിച്ചപ്പോള്‍ സ്ത്രീകളെ വലിച്ചിഴച്ചത് എല്ലാവരും കണ്ടതാണ്. സ്ത്രീകള്‍ക്ക് സുരക്ഷയോ പരിഗണനയോ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നില്ല. തൃക്കാക്കരയിലെ ജനങ്ങള്‍ ഇതുമനസ്സിലാക്കി സര്‍ക്കാരിനെതിരേ വിധിയെഴുതുമെന്നും ഉമാ തോമസ് പറഞ്ഞു.
സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു. ''പ്രതിക്ക് ഏതു രാഷ്ട്രീയക്കാരുമായാണ് ബന്ധമെന്ന് ആലുവയില്‍ അന്വേഷിച്ചാലറിയാം. പ്രതിക്കൊപ്പംനിന്ന് സെല്‍ഫിയെടുത്ത രാജ്യസഭാംഗം എല്‍.ഡി.എഫിന്റെ ആളാണോ?'' -കോടിയേരി ചോദിച്ചു. ''സംസ്ഥാന ചലച്ചിത്രോത്സവത്തിന്റെ മുഖ്യാതിഥിയായി അതിജീവിതയെ പങ്കെടുപ്പിച്ചതുതന്നെ സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണെന്നതിന്റെ സന്ദേശമാണ്'' -കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്നുപറഞ്ഞ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കോടതിയില്‍ അപേക്ഷ കൊടുക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്നും പറഞ്ഞു.
വിസ്മയക്കേസില്‍വന്ന വിധി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തിരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നുള്ള ആരോപണമാണിതെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. സത്യസന്ധവും നീതിയുക്തവുമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ തിരക്കിട്ട ശ്രമം നടന്നതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. വേട്ടക്കാരനൊപ്പംചേര്‍ന്ന് ഇരയ്ക്ക് നീതിനിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇരയോടൊപ്പമെന്നുപറയുന്ന സര്‍ക്കാര്‍, വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രകാഴ്ചയാണ് കേരളം കാണുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഗൂഢാലോചന നടത്തി തിരഞ്ഞെടുപ്പുകാലത്ത് കേസ് കൊടുത്തെന്ന മട്ടില്‍, അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. അതിഗുരുതര ആരോപണങ്ങളാണ് അതിജീവിത ആഭ്യന്തരവകുപ്പിനുനേരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും സതീശന്‍ പറഞ്ഞു.
Content Highlights: Actress abduction case CM Pinarayi Vijayan Kodiyeri Balakrishnan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..