
ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ | Photo: Screengrab|Mathrubhumi News
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ നടന്നത് വലിയ ഗൂഢാലോചന. മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി വിളിച്ചതായി വ്യക്തമായി.
വിപിന്‍ ലാലിനെ വിളിക്കാന്‍ മാത്രമായി സിം കാര്‍ഡ് എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് സിം കാര്‍ഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് വിപിന്‍ ലാലിനെ മാത്രമാണ് വിളിച്ചത്. ജനുവരി 28നായിരുന്നു പ്രദീപ് കുമാര്‍ വിപിന്‍ലാലിനെ ഫോണ്‍വിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിപിന്‍ലാല്‍ ബേക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 23ന് പ്രദീപ് കുമാര്‍ കാഞ്ഞങ്ങാടെത്തി വിപിന്‍ ലാലിന്റെ അമ്മാവന്റെ ഫോണില്‍ നിന്ന് ബിബിനെ വിളിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെയാണ് മറ്റൊരു സിം കാര്‍ഡില്‍ നിന്ന് ജനുവരി 28ന് വിപിനെ വിളിച്ചത്. ഇതിന്റെ ടവര്‍ ലൊക്കേഷന്‍ പത്തനാപുരം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാടെത്തി വിപിനെ വിളിച്ചതിനു ശേഷം സ്വന്തം ഫോണുപയോഗിച്ച് രണ്ട് പ്രധാന വ്യക്തികളെ കൂടി പ്രദീപ് കുമാര്‍ വിളിച്ചിട്ടുണ്ട്. കേസില്‍ ഉന്നതരുള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

കാഞ്ഞങ്ങാടെ ഹോട്ടലില്‍ തങ്ങിയപ്പോള്‍ നല്കിയ മേല്‍വിലാസം പ്രദീപ് കുമാറിന്റേതാണ്. അടുത്തദിവസം ഓട്ടോ പിടിച്ച് ബേക്കലിലെത്തി വിപിന്‍ ലാലിന്റെ അമ്മാവന് ഗിരീഷ് കുമാര്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ എത്തി. അമ്മാവന് ജോലി ചെയ്യുന്ന വാച്ച് സെക്ഷനിലെത്തി 6000 രൂപ മുടക്കി വാച്ച് വാങ്ങി. എന്നാല്‍ ഇതിന്റെ ബില്ലില്‍ മറ്റൊരു പേരാണ് നല്‍കിയത്. ഇത് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമം നടന്നുവെന്ന് കാണിച്ച് വിപിന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഫോണ്‍കോള്‍ സംബന്ധിച്ച വിവരങ്ങളും ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.
കെപിസിസി ജന.സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കലയും പ്രദീപ് കുമാര്‍ ബേക്കലിലെ ജ്വല്ലറിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
'മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിന്റെ ബന്ധുവിനെ കാണാന്‍ പ്രദീപ് എത്തുന്ന ദൃശ്യങ്ങള്‍ ആണിത്. ദൃശ്യങ്ങളില്‍ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസര്‍കോട്ടെ സ്വകാര്യ ജ്വല്ലറിയില്‍ എത്തിയത്. ഗണേഷ് കുമാറെന്ന ഇടത് എംഎല്‍എയുടെ താല്പര്യം എന്താണെന്ന് സ്ത്രീ സുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണം' ചാമക്കാല ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
Content Highlights: Actor-MLA Ganesh Kumar’s office secretary booked for 'threatening' witness in actor assault case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..