
ഉണ്ണി രാജൻ | Photo: https://www.facebook.com/unni.raj.7311352
കണ്ണൂർ: ഇന്റർവ്യൂബോർഡിനു മുന്നിൽ വളരെ ഭവ്യതയോടെ എത്തിയ ആ ഉദ്യോഗാർഥിയെക്കണ്ട് ബോർഡംഗങ്ങൾ ശരിക്കും ഞെട്ടി. ഇത് ‘മറിമായ’മാണോ? തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂർ സ്വദേശി ഉണ്ണിരാജൻ ആണ് ഉദ്യോഗാർഥിയായി എത്തിയിരിക്കുന്നത്. എംപ്ലോയ്‌മെന്റ് കാർഡ് ഉൾപ്പെടെ സർട്ടിഫിക്കറ്റുകളുടെ ചെറിയ പരിശോധന നടത്തിയശേഷം അവർ ഉണ്ണിരാജനോട് ചോദിച്ചു. ‘‘ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചത്?’’. ‘അതെ’ എന്നു പറഞ്ഞ ഉണ്ണിയോട് ജോലിയെക്കുറിച്ച് അവർ വ്യക്തമായി പറഞ്ഞുകൊടുത്തു. ബ്രിട്ടീഷ് കാലത്തേയുള്ള ‘സ്കാവഞ്ചർ’ എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴിൽ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴിൽ.
കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അവിടെ പത്തോളം ടോയ്‌ലറ്റ് കാണും. ‘കുറച്ച് ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ പതിനൊന്നുപേരിൽ ഒരാളാണ് ഉണ്ണിരാജൻ. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്. പ്രമോഷൻ ലഭിച്ചാൽ സ്വീപ്പറും പിന്നെ അറ്റൻഡറും ഒക്കെയായിപ്പോകാൻ സാധ്യതയുണ്ട്’’ ഇത്രയും പറഞ്ഞശേഷം ബോർഡംഗങ്ങൾ ഉണ്ണിരാജന്റെ മുഖത്തേക്ക് നോക്കി.
‘‘ഒരു ജോലി എന്റെ സ്വപ്നമാണ് സർ. കുറച്ച് സമയംമുൻപ് പുറത്തുനിൽക്കുന്ന എല്ലാവരും എന്റെ സെൽഫിയെടുത്തു. അവർക്ക് ഞാൻ വി.ഐ.പി. പക്ഷേ, സ്ഥിരമായ തൊഴിലില്ലല്ലോ. സീരിയിലിൽനിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാൽ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ.’’ ഉണ്ണിരാജന്റെ മറുപടി ഒട്ടും വൈകിയില്ല. പരേതനായ കണ്ണൻ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജൻ. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്‌ച ചേരും. ‘‘ഭാഗ്യംകൊണ്ട് ലഭിച്ചു. ആത്മാർഥമായിത്തന്നെ ജോലി ചെയ്യും’’ -അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..