കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എം. പി ആരംഭിച്ച മരുന്ന് വിതരണ പദ്ധതിയ്ക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള വൈറ്റമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ മുതലായവ മമ്മൂട്ടി ഹൈബി ഈഡന് കൈമാറി. കടവന്ത്രയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് എം.പി മരുന്നുകള്‍ ഏറ്റുവാങ്ങിയത്‌. രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി ചോദിച്ചറിഞ്ഞിരുന്നു. .

കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് മരുന്നിന് വേണ്ടിയുള്ള ഹെല്‍പ് ഡെസ്‌ക്ക് ഹൈബി ഈഡന്‍ എം.പി.യുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ഹെല്‍പ്പ് ഡെസ്‌ക്കില്‍ വിളിച്ചാല്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്കാവശ്യമുള്ള മരുന്നുകള്‍ വീട്ടിലെത്തിക്കും.കോവിഡ് പോസിറ്റീവായവരോ അവരുടെ കുടുംബാംഗങ്ങളോ സ്ഥിരമായി കഴിക്കുന്ന മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകളും എത്തിക്കും. ഡോക്ടറുടെ സേവനം ആവശ്യപ്പെടുന്നവരെ ഡോക്ടര്‍ തിരിച്ച് വിളിക്കുന്നതിന് ഡോക്ടര്‍ ഓണ്‍ കോള്‍ പദ്ധതിയും ആരംഭിച്ചിരുന്നു.

ഇടപ്പള്ളി ഫ്യൂചറേസ് ഹോസ്പിറ്റല്‍, കളമശ്ശേരി കിന്‍ഡര്‍ ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ചാണ് ഡോക്ടര്‍ ഓണ്‍ കോള്‍ പദ്ധതി നടപ്പിലാക്കുന്നത്. ഡോക്ടര്‍മാര്‍, ഐ.ടി വിദഗ്ദര്‍,പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരാണ്  എം. പിയുടെ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കില്‍ സേവനം അനുഷ്ടിക്കുന്നത്. ഇന്ററാക്റ്റീവ് വോയിസ് റെസ്‌പോണ്‍സ് സിസ്റ്റം ഉപയോഗിച്ചുള്ള കോള്‍ സെന്ററാണ് ഇതിന് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്.

hibi eden and mammootty
മരുന്നുകളും പള്‍സ് ഓക്‌സിമീറ്ററുകളും മമ്മൂട്ടി ഹൈബി ഈഡന് കൈമാറുന്നു. രമേശ് പിഷാരടി സമീപം

പറവൂര്‍, കളമശ്ശേരി, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നീ നിയോജക മണ്ഡലങ്ങളില്‍ ഉള്ളവര്‍ക്കാണ് മരുന്ന് ലഭ്യമാക്കുക. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്നത്. 40 ദിവസങ്ങളിലായി 28,89,456 രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. 3624 രോഗികള്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തത്. 2178 രോഗികള്‍ ഇതിനകം ഡോക്ടര്‍ ഓണ്‍ കോള്‍ സേവനം ഉപയോഗപ്പെടുത്തിയതായും ഹൈബി ഈഡന്‍ എം. പി പറഞ്ഞു.

Content Highlights: actor mammootty given medicines and pulse oximeteres to hibi eden mp help desk