ഉത്തരം തേടുന്നത് 26 സംഭവങ്ങളില്‍; നടന്‍ ദിലീപിനെ ചോദ്യംചെയ്തത് ഉന്നത ഉദ്യോഗസ്ഥര്‍


ചോദ്യം ചെയ്യലിന് നടൻ ദിലീപ് ഞായറാഴ്ച ക്രൈ ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയപ്പോൾ | Photo: ബി മുരളികൃഷ്ണൻ മാതൃഭൂമി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലുമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലിനായി നടന്‍ ഹാജരാകും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ നാളെയോടെ അവസാനിക്കും. ആദ്യ ദിവസമായ ഇന്നലെ 11 മണിക്കൂറാണ് നടനെയും ഒപ്പമുള്ളവരേയും ചോദ്യം ചെയ്തത്.

ഉത്തരം തേടുന്നത് 26 സംഭവങ്ങളില്‍

ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് അന്വേഷണ സംഘം ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 26 സംഭവങ്ങളിലും അഞ്ച് പ്രതികള്‍ക്കും തങ്ങളുടേതായ റോള്‍ ഉണ്ട്. ഇത് എത്രത്തോളമെന്ന് ചോദ്യം ചെയ്യലില്‍ തെളിയും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ആദ്യ ദിനം ചോദ്യം ചെയ്തത് 11 മണിക്കൂര്‍

ദിലീപിനെ ക്രൈംബ്രാഞ്ച് ആദ്യദിനം 11 മണിക്കൂര്‍ ചോദ്യംചെയ്തു.ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഞായറാഴ്ച ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.

ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ട്, സഹകരിക്കുന്നോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എസ്. ശ്രീജിത്ത് പറഞ്ഞു. മൊഴികള്‍ വിശദമായി വിലയിരുത്തിയശേഷം ബാക്കികാര്യങ്ങള്‍ തീരുമാനിക്കും. വി.ഐ.പി. ശരത്ത് ആണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതുമണിക്ക് ചോദ്യംചെയ്യല്‍ തുടങ്ങി. അഞ്ചുപ്രതികളെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്തത്. അവസാന ദിവസം ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

ദിലീപിനെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു

ദിലീപിനെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേകം ചോദ്യംചെയ്തു. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. യോഗേഷ് അഗര്‍വാള്‍ എന്നിവരാണ് ദിലീപിനെ ഒരുമണിക്കൂര്‍ ചോദ്യംചെയ്തത്.രാവിലെ തയ്യാറാക്കിയ ചോദ്യങ്ങളില്‍ മാറ്റംവരുത്തിയ ശേഷമായിരുന്നു ഉച്ചയ്ക്കുശേഷത്തെ ചോദ്യംചെയ്യല്‍. ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്‌തെന്ന് ദിലീപ് ആവര്‍ത്തിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ആരെയും നോവിച്ചിട്ടില്ലെന്നും വിചാരണക്കോടതിയില്‍ ജഡ്ജി പറഞ്ഞപ്പോള്‍പ്പോലും ദൃശ്യം കാണാന്‍ കൂട്ടാക്കാത്ത ആളാണ് താനെന്നും ദിലീപ് മറുപടിനല്‍കി.

ചോദ്യംചെയ്യല്‍ തുടങ്ങിയപ്പോള്‍ 'ഓര്‍മയില്ലെന്ന' മറുപടിനല്‍കി ഒഴിഞ്ഞുമാറാന്‍ പ്രതികള്‍ ശ്രമിച്ചതായാണു വിവരം. പല നിര്‍ണായക ചോദ്യങ്ങള്‍ക്കും നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒരേ മറുപടിയാണു നല്‍കിയത്. കുഴപ്പമാകില്ലെന്നു ബോധ്യമുള്ള ചോദ്യങ്ങള്‍ക്കു മാത്രമാണ് ഇവര്‍ മറുപടി നല്‍കിയത്.രാവിലെ 8.50-നാണ് ദിലീപ്, അനൂപ്, സൂരജ് എന്നിവര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.അതിനു മുമ്പുതന്നെ ബൈജു ചെങ്ങമനാട്, അപ്പു എന്നിവര്‍ ഹാജരായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും ദിലീപും കൂട്ടരും മറുപടിയൊന്നും നല്‍കിയില്ല.

നിസ്സഹകരണവും തെളിവാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്; ലക്ഷ്യം കസ്റ്റഡിയില്‍വാങ്ങല്‍

ചോദ്യംചെയ്യലില്‍ പ്രതികളുടെ സഹകരണംമാത്രമല്ല, നിസ്സഹകരണവും കേസിലെ തെളിവിലേക്ക് ഉപകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്ത്. ചോദ്യംചെയ്യലിന്റെ ഫലം എന്താണെന്നുനോക്കും. കൂടുതല്‍ ആവശ്യങ്ങളുണ്ടെങ്കില്‍ കോടതിയെ അറിയിക്കും. സത്യസന്ധമായ അന്വേഷണം നടത്തുകയെന്നതാണ് തങ്ങളുടെ ജോലി. അതിന് എന്തുഫലമുണ്ടാകുമെന്ന് പറയാന്‍ തങ്ങള്‍ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ കഴിയുംവിധം പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വിജയിക്കാതെവന്നാല്‍ ചോദ്യംചെയ്യലില്‍ പ്രതികള്‍ നടത്തിയ നിസ്സഹകരണം അന്വേഷണ സംഘം ആയുധമാക്കും. കസ്റ്റഡിയില്‍ തുടര്‍ച്ചയായി ചോദ്യംചെയ്താല്‍ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിന് നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്നും അതിന്റെപേരില്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വിശദീകരണം.

നെയ്യാറ്റിന്‍കര ബിഷപ്പിന് ഉന്നതസ്വാധീനം ഉണ്ടെന്നും അതിനാല്‍ ജാമ്യംതേടാന്‍ ഇടപെടുവിച്ചുവെന്നുമാണ് ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടത്. ജാമ്യംലഭിച്ച് പുറത്തുവന്നതോടെ പണം ആവശ്യപ്പെട്ട് നിരന്തരം വിളിക്കാന്‍ തുടങ്ങി. ഇത് നിരസിച്ചതോടെ ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്നു പറഞ്ഞ് ഭീഷണിയായി. പത്തുലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റി.

ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍നിന്ന് പിന്മാറിയതും ശത്രുതയ്ക്കു കാരണമായി. ഇതോടെ എ.ഡി.ജി.പി. ബി. സന്ധ്യയെ ഫോണില്‍വിളിച്ച് ചില കാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞും ഭീഷണിയായി.താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കഥ എ.ഡി.ജി.പി. സന്ധ്യയുടെ നിര്‍ദേശപ്രകാരം ബൈജു പൗലോസ് മെനഞ്ഞെടുത്തതാണെന്നും ദിലീപ് ആരോപിക്കുന്നു.

ദിലീപിനുവേണ്ടി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ബിഷപ്പ് വിന്‍സെന്റ് സാമുവല്‍. നടന്‍ ദിലീപുമായോ സംവിധായകന്‍ ബാലചന്ദ്രകുമാറുമായോ ബിഷപ്പിന് ബന്ധമില്ലെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപത പത്രക്കുറിപ്പില്‍ അറിയിച്ചു.ജാമ്യം ലഭിക്കാന്‍ ബാലചന്ദ്രന്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ആവശ്യപ്പെട്ടെന്നും പലതവണയായി പത്തുലക്ഷംരൂപ കൈപ്പറ്റിയെന്നും ദിലീപ് ഹൈക്കോടതില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

വേദനാജനകം -കെ.എല്‍.സി.എ.

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നെയ്യാറ്റിന്‍കര രൂപതാധ്യക്ഷനെതിരായ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഇടപെടല്‍ നടത്തിയിട്ടില്ല. ഇത്തരം ആരോപണങ്ങള്‍ വേദനാജനകവും അപലപനീയവുമാണെന്ന് കെ.എല്‍.സി.എ. പ്രസിഡന്റ് ഡി. രാജു പറഞ്ഞു.

Content Highlights: actor dileep to be present in front of crime branch for questioning today

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented