
ചോദ്യം ചെയ്യലിനായി ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയ നടൻ ദിലീപ് |ഫോട്ടോ:ബി.മുരളീകൃഷ്ണൻ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി നടന് ദിലീപ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു.
ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇന്ന് ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി.
രാത്രി എട്ടുവരെ ചോദ്യംചെയ്യാം. അതായത്, മൂന്നുദിവസങ്ങളിലായി 33 മണിക്കൂര്‍. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷന് വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.

അതുവരെ പ്രതികളെ അറസ്റ്റുചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹാജരാകേണ്ടത്.
പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. അങ്ങനെയുണ്ടായാല്‍ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിര്‍ദേശിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തി.
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷന് ഹാജരാക്കിയ ചില രേഖകള്‍ അലോസരപ്പെടുത്തുന്നതാണ്. നിലവില്‍ ലഭിച്ച തെളിവുകള്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കിയ ആലുവ സ്വദേശി ശരതിനെ കേസില്‍ പ്രതിയാക്കിയിട്ടില്ലാത്തതിനാല്‍ ജാമ്യഹര്‍ജി 27-നു പരിഗണിക്കാന്‍ മാറ്റി.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ കേസിലേക്കു നയിച്ചത്. പ്രോസിക്യൂഷന്റെ പരാജയം മറയ്ക്കാന്‍ കെട്ടിച്ചമച്ച കഥയാണിതെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍, ഗൂഢാലോചന തെളിയിക്കുന്ന വീഡിയോയും ഓഡിയോയും അടക്കമുള്ള തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..