Photo: PTI
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണകോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ആവശ്യം. മുൻ ഭാര്യക്കും, അതിജീവിതയ്ക്കുമെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ദിലീപിന്റെ രൂക്ഷ വിമർശനം.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.
മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസിൽപെടുത്തിയത്. ഈ വിഭാഗത്തിൽപെട്ടവർക്ക് തന്നോട് വ്യക്തിപരവും തൊഴിൽപരവുമായ ശത്രുത ഉണ്ട്. തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസർ നിലവിൽ ഡി.ജി.പി. റാങ്കിൽ ആണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിച്ചിട്ടുണ്ട്.
തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്കെതിരെ മാത്രമല്ല, തന്റെ അഭിഭാഷകർ, വിചാരണകോടതി ജഡ്ജി എന്നിവർക്കെതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകൾ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയിൽ ഹർജികൾ സമർപ്പിച്ചു. വിചാരണകോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകർക്കെതിരെയും അതിജീവിത ഹർജികൾ ഫയൽ ചെയ്തതതായി ദിലീപ് ആരോപിക്കുന്നു.
മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തിന് അതിജീവിത നൽകിയ അഭിമുഖത്തെയും ദിലീപ് വിമർശിക്കുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ എങ്ങനെ അഭിമുഖം നൽകാനാകും. അതിജീവിതയ്ക്ക് വേണ്ടി ചാനൽ ചർച്ചകളിൽ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടർ ആയി നിയമിച്ചതായും അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുക എന്നാണ് സൂചന.
ജസ്റ്റിസ് എം.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നടിയെ ആക്രമിച്ച കേസിൽ ഇതുവരെ വാദം കേട്ടിരുന്നത്. ജസ്റ്റിസ് ഖാൻവിൽക്കർ ഇന്ന് വിരമിച്ചതിനാൽ ദിലീപിന്റെ അപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. പുതിയ ബെഞ്ച് ഏതാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിശ്ചയിക്കും.
Content Highlights: Actor assault case: Dileep approaches Supreme Court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..