-
തിരുവനന്തപുരം: തിരുവനന്തപുരത്തും എറണാകുളത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തില്‍ ഇത്തരം ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സര്‍ക്കാര്‍, സ്വകാര്യ ഹോമുകളില്‍ താമസിക്കുന്നവര്‍ കോവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്ത് നിന്നും ആരെയും ഹോമില്‍ പ്രവേശിപ്പക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് തിരുവനന്തപുരത്തേയും എറണാകുളത്തേയും സ്വകാര്യ ഹോമുകളിലെ ആളുകള്‍ പുറത്ത് നിന്നും വന്നതാണ് അവിടങ്ങളില്‍ രോഗ വ്യാപനത്തിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി വകുപ്പ് വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട് - ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 16 സര്‍ക്കാര്‍ വയോജന കേന്ദ്രങ്ങളും ഓര്‍ഫണേജ് കണ്‍ട്രേള്‍ ബോര്‍ഡിന്റെ കീഴില്‍ 561 സ്വകാര്യ വയോജന കേന്ദ്രങ്ങളുമാണുള്ളത്. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ഇത്തരം ഹോമുകളിലുള്ളവരില്‍ ഏറെയും. അതിനാല്‍തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും രോഗപ്പകര്‍ച്ചയുണ്ടാകാതെ നോക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആരോഗ്യ വകുപ്പും സാമൂഹ്യ നീതി വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വയോജന കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും രോഗമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കായിട്ടുണ്ടെന്നും ഓരോ ഹോമിലേയും രോഗലക്ഷണമുള്ളവരെ ദിവസവും നിരീക്ഷിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഹോമില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒരാളെ മാത്രമേ പുറത്ത് പോകാന്‍ അനുവദിക്കുകയുള്ളൂ. പുറത്ത് പോകുന്ന ആള്‍ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കില്ല. സന്ദര്‍ശകരെ ഒഴിവാക്കിയിട്ടുമുണ്ട് - മന്ത്രി വ്യക്തമാക്കി.
തിരുവന്തപുരത്ത് കൊച്ചുതുറയില്‍ ശാന്തിഭവനിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് സ്ഥാപനങ്ങളിലും പുറത്ത് നിന്നും പോയി വന്നവരിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്നാണ് കണക്കാക്കുന്നത്. എറണാകുളത്ത് തൃക്കാക്കര കരുണാലയം കെയര്‍ ഹോമിന്റെ സഹോദര സ്ഥാപനത്തില്‍ ഒരു സിസ്റ്റര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു.
തുടര്‍ന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരു മരണം കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും പ്രായാധിക്യവും അസുഖങ്ങളും ബാധിച്ച് അവശനിലയിലായിരുന്നു. എസ്.ഡി. കോണ്‍വന്റ് ചുണങ്ങമ്പേലി, സമറിറ്റന്‍ പഴങ്ങനാട് എന്നീ രണ്ട് മഠങ്ങളിലും രോഗബാധയുണ്ടായി. 3 സ്ഥാപനങ്ങളിലുമായി 95 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ പുതുതായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. 1800 425 2147 എന്ന നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിളിച്ചാല്‍ സേവനം ലഭ്യമാകും. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ ദിശ 1056-ല്‍ 24 മണിക്കൂറും സേവനം ലഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Content highlight: actions may taken against persons who breaks covid instructions in old age homes says kk shailaja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..