കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് വ്യാപാരികള്‍ സഹകരിക്കണമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി സംഘടന പ്രതിനിധി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ് ജില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്‌ (ടി.പി.ആര്‍.) കൂടുകയാണ്.  ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് രണ്ടാമതാണ് കോഴിക്കോട്. നിലവില്‍ ജില്ലയില്‍ 15,975 രോഗികളുണ്ട്. ഇതുവരെ 1415 പേര്‍ മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ എല്ലാവിധ മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ കൈക്കൊളളുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരും. ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വ്യാപാരി സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ്, ഡെപ്യൂട്ടി കളക്ടര്‍ എന്‍. റംല,  ഡി.എം.ഒ. ഡോ. വി. ജയശ്രീ, വ്യാപാര വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ,  വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഹസീബ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധി സന്തോഷ് കുമാര്‍ യു.എസ്., എം.പി. അബ്ദുല്‍ ഗഫൂര്‍, മനാഫ് കാപ്പാട്  തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights:  Action will be Taken Against those who Violate Restrictions: Kozhikode Collector