Screengrab: Mathrubhumi News
പത്തനംതിട്ട: യോഗ്യതയിലെ സംശയത്തെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. നേതാവിനെ ജോലിയില്‍നിന്ന് നീക്കി. പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദനെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍നിന്ന് നീക്കിയത്. നേരത്തെ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടും രാഷ്ട്രീയ സ്വാധീനം കാരണം നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ഡി.വൈ.എഫ്.ഐ നേതാവും സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ ഹരീഷ് 2011-ലാണ് പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്നത്. പഞ്ചായത്ത് നേരിട്ട് നടത്തിയ നിയമനമായിരുന്നു ഇത്. എന്നാല്‍ ഹരീഷിന്റേത് രാഷ്ട്രീയ നിയമനമാണെന്നായിരുന്നു ബി.ജെ.പി.യുടെ ആരോപണം. വിവരാവകാശനിയമപ്രകാരം പല രേഖകളും പരിശോധിച്ചാണ് ഹരീഷിന്റെ യോഗ്യത സംബന്ധിച്ച ക്രമക്കേട് ബി.ജെ.പി. കണ്ടെത്തിയത്. തുടര്‍ന്ന് ഈ രേഖകളെല്ലാം വിജിലന്‍സിന് കൈമാറുകയായിരുന്നു.
എം.ജി. സര്‍വകലാശാലയ്ക്ക് കീഴില്‍ കോന്നിയിലെ കോളേജിലാണ് ഹരീഷ് ബി.സി.എ പഠനം നടത്തിയിരുന്നത്. പക്ഷേ, ഇവിടെ മൂന്നാംവര്‍ഷം പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍ ഇതേ കാലയളവില്‍ തമിഴ്നാട്ടിലെ പെരിയാര്‍ സര്‍വകലാശാലയില്‍നിന്ന് റെഗുലറായി ബി.സി.എ. പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റാണ് ഹരീഷ് ജോലിക്കായി ഹാജരാക്കിയിരുന്നത്. ഇയാള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളും കോന്നിയില്‍ പഠിച്ചതിന്റെ വിവരങ്ങളും ബി.ജെ.പി. പ്രവര്‍ത്തകര്‍ പിന്നീട് വിജിലന്‍സിന് കൈമാറിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ യോഗ്യതയില്‍ സംശയങ്ങളുണ്ടെന്ന് കണ്ടെത്തി. ഇയാളെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അഭികാമ്യമെന്ന് സൂചിപ്പിച്ച് റിപ്പോര്‍ട്ടും നല്കി.
ഒക്ടോബര്‍ 16-ന് ഇയാളെ ജോലിയില്‍നിന്ന് നീക്കാന്‍ ആവശ്യപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പക്ഷേ, രാഷ്ട്രീയ സ്വാധീനം കാരണം ഇത് നടപ്പായില്ല. ഇതോടെ ബി.ജെ.പി. അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും രംഗത്തെത്തി. മാതൃഭൂമി ന്യൂസ് അടക്കമുള്ള മാധ്യമങ്ങളിലും വിഷയം വാര്‍ത്തയായി. ഇതോടെയാണ് ഒന്നരമാസത്തിന് ശേഷം ഹരീഷിനെ ജോലിയില്‍നിന്ന് നീക്കി പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.
Content Highlights: action taken against dyfi leader and kalanjoor panchayath technical assistant hareesh mukundan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..