Photo: Mathrubhumi
തിരുവനന്തപുരം: ബേക്കറി യൂണിറ്റ് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ നഗരകാര്യ ഡയറക്ടറോട് നിര്‍ദേശിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചത്. ബേക്കറി യൂണിറ്റിനുവേണ്ട കെട്ടിടത്തിന്റെ തരം മാറ്റാന്‍ അപേക്ഷ നല്കിയ സംരംഭകനാണ് ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. അപേക്ഷ നല്കിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന് ഇപ്പോള്‍ രാമനാട്ടുകര നഗരസഭയില്‍ സൂപ്രണ്ടായി ജോലിനോക്കുകയാണ്. തല്‍സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണ വിധേയരായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സംരംഭത്തിന് ലൈസന്‍സ് നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അഴിമതിമുക്ത വികസിത കേരളമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..