ഉടക്കിയാലും അനുനയപ്പെടുന്ന രീതിമാറ്റി ഗവര്‍ണര്‍; പ്രിയ വര്‍ഗീസ് വിഷയത്തില്‍ ഇനി നിയമപോരാട്ടം


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Sabu Scaria, Mathrubhumi

തിരുവനന്തപുരം: പല വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയും ഒടുവില്‍ അനുനയപ്പെടുകയും ചെയ്യുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതാദ്യമായാണ് ഒരു വിഷയത്തില്‍ കടുത്ത നടപടി സ്വീകരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ മുന്‍ എം.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള റാങ്ക് പട്ടിക ഗവര്‍ണര്‍ സ്റ്റേ ചെയ്തു.

തനിക്ക് കിട്ടിയ പരാതി ഗവര്‍ണര്‍ ഗൗരവമായി പരിഗണിക്കുകയും നടപടി ആലോചിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകുമെന്ന പ്രസ്താവന നടത്തിയതും ഒപ്പം സംസ്ഥാന സര്‍ക്കാര്‍ വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാര പരിധി വെട്ടിക്കുറയ്ക്കാന്‍ നീക്കം സജീവമാക്കിയതുമാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. ഇതാണ് റാങ്ക് പട്ടിക സ്റ്റേ ചെയ്യുന്നതിലേക്ക് എത്തിച്ചത്.

സര്‍ക്കാരിനെ സ്ഥിരമായി പ്രതിസന്ധിയിലാക്കുന്നതാണ് ഗവര്‍ണറുടെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന് പിന്നില്‍. എന്നാല്‍ ഏത് ബില്ലും നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്ന പ്രസ്താവനയിലൂടെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു ഗവര്‍ണറും. പ്രിയ വര്‍ഗീസിനെ നിയമിക്കാനൊരുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് സ്‌റ്റേ ഉത്തരവ് ഗവര്‍ണര്‍ പുറപ്പെടുവിച്ചത്.

പ്രിയ വര്‍ഗീസ് ഉള്‍പ്പെടുന്ന റാങ്ക് പട്ടിക ചട്ടങ്ങള്‍ മറികടന്നാണെന്ന ആരോപണം സജീവമായതോടെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചതോടെ ഗവര്‍ണര്‍ കണ്ണൂര്‍ വി.സിയോട് വിശദീകരണം തേടുകയും ചെയ്തു.അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായുള്ള അഭിമുഖത്തിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പ്രിയ വര്‍ഗീസിനാണ് ഒന്നാം റാങ്ക് നല്‍കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് പരാതി. വിശദീകരണം ലഭിച്ച ശേഷം നിയമോപദേശം തേടുകയായിരുന്നു ഗവര്‍ണര്‍.

എന്നാല്‍ പ്രിയക്ക് യുജിസി നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലെന്നാണ് പ്രധാനമായും പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിലാണ് ഗവര്‍ണര്‍ കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനില്‍ നിന്ന് വിശദീകരണം തേടിയത്. റാങ്ക് ലിസ്റ്റ് വിഷയത്തില്‍ ഒരു സ്വതന്ത്ര അന്വേഷണത്തിന് കൂടി ഗവര്‍ണര്‍ സാധ്യത തേടിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. മുന്‍ വി.സിമാരോ അല്ലെങ്കില്‍ മുന്‍ ചീഫ് സെക്രട്ടറിമാരെയോ ചുമതലപ്പെടുത്തി നിയമനത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതിന്റെ സാധ്യത ഗവര്‍ണര്‍ തേടിയേക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് വ്യക്തമാകുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ആറുപേരില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്. ഏറ്റവും കൂടുതല്‍ പോയന്റുള്ളത് ജോസഫ് സ്‌കറിയ എന്നയാള്‍ക്കാണ്, 651 പോയന്റ്. എന്നാല്‍ പ്രിയ വര്‍ഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളില്‍ പറയുന്നു. ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയ വര്‍ഗീസിനാണ്.

ഇതിനുശേഷം നടന്ന അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പ്രിയയ്ക്കാണ് ലഭിച്ചത്. 32 മാര്‍ക്ക്. റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും മുന്നിലുള്ള ജോസഫ് സ്‌കറിയയ്ക്ക് നല്‍കിയത് 30 മാര്‍ക്കും. പ്രിയയെക്കാള്‍ ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറുള്ള മറ്റുള്ളവര്‍ക്കും അഭിമുഖത്തില്‍ കുറവ് മാര്‍ക്കാണ് നല്‍കിയതെന്നാണ് വ്യക്തമാകുന്നത്.

കണ്ണൂര്‍ വിസിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മാനദണ്ഡം മറികടന്ന് നിയമനം നല്‍കിയത്. ഇതുസംബന്ധിച്ച വിവരാവകാശ രേഖകള്‍ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് മുന്നോടിയായ പുറപ്പെടുവിച്ച റാങ്ക് പട്ടികയില്‍ ക്രക്കേടുണ്ടെന്ന് പ്രഥമദൃഷ്ടിയില്‍ വ്യക്തമായിരുന്നുവെങ്കിലും അന്വേഷണം നടത്താനും നടപടിക്ക് മുന്‍പ് രണ്ടോ മൂന്നോ നിയമോപദേശം തേടാനും ഗവര്‍ണര്‍ തീരുമാനിച്ചിരുന്നു. വിസിയുടെ പ്രതികരണവും സര്‍ക്കാരിന്റെ പുതിയ ബില്‍ കൊണ്ടുവരാനുള്ള നീക്കത്തോടും രൂക്ഷമായാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. തനിക്ക് ചാന്‍സലറുടെ അധികാരമുള്ളിടത്തോളം കാലം സ്വജനപക്ഷവാദം അനുവദിക്കില്ലെന്നാണ് ഗവര്‍ണര്‍ സ്റ്റേ നടപടിക്ക് മുന്‍പ് പ്രതികരിച്ചത്.

അതേസമയം ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് തയ്യാറെടുക്കുന്നതെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. വ്യാഴാഴ്ച അവധി ആയതിനാന്‍ മറ്റന്നാള്‍ തീരുമാനമെടുക്കുമെന്നും കോടതിയെ സമീപിക്കുമെന്നും വി.സി. മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ചാണ് വി.സിയുടെ പ്രതികരണം. നിയമപോരാട്ടത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന സൂചനയാണ് ഇപ്പോഴുള്ളത്.

സര്‍വ്വകലാശാലാ നിയമം വകുപ്പ് 7 (3)പ്രകാരമാണ് ഗവര്‍ണര്‍ നിയമനത്തില്‍ ഇടപെടല്‍ നടത്തിയത് എന്നാണ് വിശദീകരണം. വി.സിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ വ്യക്തമാക്കിയത്.ചട്ടങ്ങള്‍ മറികടന്ന് പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

Content Highlights: governor, government, kannur university, 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented