ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: തിരഞ്ഞെടുപ്പ് സമയത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ സി.പി.എം നടപടി. താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെതിരേയാണ് നടപടി. ഇയാളെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളില്‍ നിന്നും നീക്കി. ഇതോടെ ഗിരീഷ് ജോണ്‍ പാര്‍ട്ടി ബ്രാഞ്ച് അംഗം മാത്രമായി മാറി.
തിരുവമ്പാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡിന്റ് കൂടിയായ ഗിരീഷ് ജോണിന്റേയും കുടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയുമായ ലിന്റോ ജോസഫിന്റേയും പേരുകളാണ് തിരുവമ്പാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ സി.പി.എമ്മില്‍ ഉയര്‍ന്ന് കേട്ടത്. ചര്‍ച്ചയ്ക്കൊടുവില്‍ ലിന്റോയ്ക്ക് നറുക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഗിരീഷ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായില്ല.
ലോക്കല്‍ കമ്മിറ്റികളടക്കം വിഷയം ഉന്നയിച്ചതോടെ താമരശ്ശേരി ഏരിയാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പ്രതീക്ഷിച്ച തിരുവമ്പാടി സീറ്റ് കിട്ടാതെ വന്നപ്പോള്‍ എതിര് സ്ഥാനാര്‍ഥിയായ സി.പി. ചെറിയ മുഹമ്മദിന്റെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ കുറ്റമായിട്ടാണ് കാണുന്നത്.
വിഷയത്തില്‍ ഗിരീഷ് ജോണ്‍ നല്കിയ മുറുപടി തൃപ്തികരമല്ലെന്ന് കണ്ട് തള്ളിയതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. നടപടി ഉടന്‍ കീഴ് ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..