കൊച്ചി: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സി.ഐ സുധീര്‍ നേരത്തെയും പലതവണ ആരോപണങ്ങള്‍ നേരിട്ടുണ്ട്. കേരളം ഏറെ ചര്‍ച്ച ചെയ്ത കൊല്ലം ഉത്ര വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിന് ആഭ്യന്തര അന്വേഷണം നേരിട്ട ഉദ്യോഗസ്ഥനാണ് സുധീര്‍. അഞ്ചല്‍, കടക്കല്‍ സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ സ്ഥാനത്തിരിക്കുമ്പോള്‍ മോശം പെരുമാറ്റം ഉള്‍പ്പെടെയുള്ള ആരോപണങ്ങളും സുധീറിനെതിരേ ഉണ്ടായിരുന്നു.  

ഉത്ര വധക്കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ വിലക്കെടുക്കാതെ അലംഭാവം കാണിച്ചെന്ന് പരാതിയാണ് സുധീറിനെതിരേ ഉയര്‍ന്നത്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐ. വീഴ്ച വരുത്തിയെന്ന് കൊല്ലം റൂറല്‍ എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

ഉത്ര മരിച്ച ദിവസം എ.എസ്.ഐ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് പാമ്പിനെ കത്തിച്ച് കളയാതെ കുഴിച്ചിടുകയും ഉത്രയുടെ രക്തം രാസപരിശോധനക്ക് അയക്കുകയും ചെയ്തത്. ഇക്കാര്യങ്ങള്‍ സി.ഐയായിരുന്ന സുധീറിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. പിന്നീട് ക്രൈംബ്രാഞ്ച് സംഘം ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നിയമവിദ്യാര്‍ഥിയായ മൊഫിയയുടെ ആത്മഹത്യയിലും സുധീറിനെതിരേ ആരോപണം ഉയര്‍ന്നത്. ഭര്‍തൃപീഡനത്തിന് പരാതി നല്‍കാനെത്തിയ മൊഫിയയെ സിഐ സുധീര്‍ സ്റ്റേഷനില്‍വെച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനുശേഷം സ്റ്റേഷനില്‍നിന്ന് പോയ മൊഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്‍ത്താവിനും മാതാപിതാക്കള്‍ക്കും പുറമേ സുധീറിനെതിരേയും മൊഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. 

നേരത്ത അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സുധീറിന് വീഴ്ചകള്‍ സംഭവിച്ചതായി പരാതി ഉയര്‍ന്നിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ സി.ഐയുടെ ഒപ്പ് ആവശ്യമാണ്. ഈ സമയത്ത് തന്റെ വീടുപണി നടക്കുന്ന സ്ഥലത്താണ് സുധീര്‍ ഉണ്ടായിരുന്നത്. ഇതിനായി ദമ്പതികളുടെ മൃതദേഹം 17 കിലോമീറ്റര്‍ അകലെയുള്ള സിഐയുടെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ഇതേതുടര്‍ന്ന് അന്ന് കൊല്ലം റൂറല്‍ എസ്.പിയായിരുന്ന ഹരിശങ്കര്‍ സുധീറിന് ലോ ആന്‍ഡ് ഓര്‍ഡറില്‍ ജോലി നല്‍കരുതെന്നും സസ്‌പെന്‍ഷന്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇയാളെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. മുമ്പ് അഞ്ചല്‍ സ്റ്റേഷനില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പരാതിയുമായി എത്തിയപ്പോള്‍ പരാതി സ്വീകരിക്കാതെ സുധീര്‍ അവരെക്കൊണ്ട് സ്റ്റേഷന്‍ കഴുകിക്കുകയും പരിസരം വൃത്തിയാക്കിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും പരാതി ഉയര്‍ന്നതോടെ സുധീറിന് കര്‍ശന താക്കീത് ലഭിച്ചിരുന്നു. തുടര്‍ച്ചയായി നിരവധി വീഴ്ചകളുണ്ടായിട്ടും സുധീറിനെതിരേ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. 

content highlights: action against CI Sudheer, mofiya death case