ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി മഴ പെയ്തപ്പോൾ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണോ... വാദപ്രതിവാദങ്ങൾ മുറുകുകയാണ്. ആസിഡ് എന്ന വാദത്തിന് തെളിവായി ലിറ്റ്മസ് ടെസ്റ്റിന്റെ ഫലവും വെള്ളത്തിലെ നുരയും പതയുമെല്ലാം പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആസിഡ് മഴയെന്ന പ്രചാരണം ശക്തമായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ദിവസങ്ങളോളം തുടർച്ചയായി കത്തിയതുമൂലം വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മഴയിൽ ഇവയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് ആസിഡ് മഴയെന്ന വാദമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
വരുന്ന അഞ്ചുദിവസം കൂടി ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. ആസിഡിന്റെ സാന്നിധ്യം പേടിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
മഴവെള്ളം ഇറങ്ങാത്ത തരത്തിൽ കിണർ മൂടിയിടണമെന്നും മഴ നനയരുതെന്നും ഒക്കെയാണ് സന്ദേശങ്ങൾ. മഴ നനഞ്ഞവർക്ക് ചൊറിച്ചിൽ ഉൾപ്പെടെ അസ്വസ്ഥതകളുണ്ടായതായും സന്ദേശങ്ങളിൽ കാണാം. എന്നാൽ, ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
പരിശോധനയ്ക്കായി മഴവെള്ളവും കിണറുകളിൽ നിന്നുള്ള വെള്ളവും ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം വരാൻ മൂന്നുദിവസമെങ്കിലും എടുക്കുമെന്ന് ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു.
ബ്രഹ്മപുരത്തെയും സമീപ പ്രദേശങ്ങളിലെയും വെള്ളമാണ് പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുന്നത്. ബ്രഹ്മപുരത്തെ തീപ്പിടിത്തം മൂലമുണ്ടായ ദൂഷ്യഫലങ്ങളെക്കുറിച്ച് ശാസ്ത്രീയാന്വേഷണം നടത്തേണ്ടതാണെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ മേധാവി ഡോ. വി. നന്ദകുമാർ പറഞ്ഞു.
പഠിക്കാതെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശാസ്ത്രസമൂഹത്തിനു ചേർന്നതല്ല. ഇത്രയും വലിയ തോതിൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കുമെല്ലാം കത്തുന്നത് കേരളത്തിൽ ആദ്യമാണ്.
Content Highlights: acid rain in Kochi.. Debate- Pollution Control Board wants the results of the study to come out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..