കൊച്ചി: ചുള്ളിക്കണ്ടത്ത് പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടത്തിയ പ്രതികളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്ത് പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടത്തുന്ന വാര്‍ത്ത മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടത്തുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ല. വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു ക്രൂരത നടക്കുന്ന കാര്യം അറിഞ്ഞത്. ഇത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. മാനസിക വൈകല്യമുള്ളവരാണ് ഇത്തരത്തിലുള്ള കൃത്യങ്ങള്‍ ചെയ്യുന്നത്. അവര്‍ക്കെതിരേ കൃത്യമായി നടപടി സ്വീകരിക്കും. പശുക്കളുടെ മേല്‍ ആസിഡ് ആക്രമണം നടക്കുന്ന സംഭവത്തില്‍ എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം മൃഗങ്ങളോടുള്ള ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അതില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനുമായി അടിയന്തരമായി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അംഗീകാരം ലഭിച്ചാല്‍ അടിയന്തരമായി യോഗം കൂടി മൃഗങ്ങള്‍ക്ക് നേരെ ഇത്തരത്തിലുണ്ടാകുന്ന അതിക്രമങ്ങളില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അതാത് പ്രദേശങ്ങളില്‍ നിന്നുമുള്ള പരാതികള്‍ ശേഖരിച്ച് പോലീസിന്റെ സഹായത്തോടുകൂടി പ്രതികളെ കണ്ടെത്തിയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. 

ഒന്നര വര്‍ഷത്തിനിടെ കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്ത് 12 പശുക്കളാണ് ആസിഡ് ആക്രണണത്തിന് ഇരയായത്. റബ്ബര്‍ പാല്‍ ഉറയിടുന്ന ഫോര്‍മിക്ക് ആസിഡാണ് പശുക്കളുടെ ദേഹത്ത് കോരിയൊഴിച്ചിരിക്കുന്നത്. തൊലിപൊളിഞ്ഞ് മാംസം പുറത്തേക്ക് തള്ളി വ്രണമായി മാറിയ അവസ്ഥയിലാണ് മിക്ക പശുക്കളും. മുറിവുകളുമായി മാസങ്ങളോളം ചികിത്സ നടത്തി ഭേദപ്പെടുത്തിയിടുത്ത പശുക്കള്‍ക്ക് നേരേ വീണ്ടും ആസിഡ് ആക്രമണം നടത്തുന്നുണ്ട്.

Content Highlights: Acid attack against cows immediate action will be taken against the culprits says minister