പ്രതീകാത്മക ചിത്രം | AFP
ന്യൂഡല്‍ഹി: കേരളത്തില്‍ പ്രാദേശിക ഭാഷാപഠനത്തില്‍ കോട്ടയത്തെ കുട്ടികള്‍ ഏറ്റവും മിടുക്കരെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂള്‍ പഠനമികവ് സര്‍വേ. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീവിഷയങ്ങളില്‍ എറണാകുളമാണ് മുന്നിലെന്നും ദേശീയ അച്ചീവ്മെന്റ് സര്‍വേ പറയുന്നു. തിരുവനന്തപുരമാണ് ഈ വിഷയങ്ങളില്‍ രണ്ടാംസ്ഥാനത്ത്.
മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലെ മാര്‍ക്കാണ് പഠനമികവ് കണക്കാക്കാന്‍ മാനദണ്ഡമാക്കിയത്. 2021 നംവബറില്‍ നടന്ന സര്‍വേയില്‍ 720 ജില്ലകളിലെ 1.18 ലക്ഷം സ്കൂളുകളിലുള്ള 34 ലക്ഷം വിദ്യാര്‍ഥികള്‍ ഭാഗമായി. പ്രാദേശികഭാഷാപഠനത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളാണ് കോട്ടയത്തിന് പിന്നില്വരുന്നത്.
ശാസ്ത്രവിഷയങ്ങളില്‍ ആലപ്പുഴയ്ക്കാണ് മൂന്നാംസ്ഥാനം. കോട്ടയം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകള്‍ പിന്നിലുണ്ട്. ഗണിതത്തില്‍ കോട്ടയത്തെ കുട്ടികളാണ് മൂന്നാംസ്ഥാനത്ത്. തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നില്‍. സാമൂഹികശാസ്ത്രത്തില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ കോട്ടയവും ആലപ്പുഴയുമാണ്.
പഠനത്തിന്റെ പഞ്ചാബ് മോഡല്‍
സാക്ഷരതയില്‍ കേരളം മുന്നിലാണെങ്കിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പഞ്ചാബിലെ വിദ്യാര്‍ഥികളാണ് മിടുക്കര്‍. ഭാഷ, ഗണിതം, ശാസ്ത്രം എന്നീവിഷയങ്ങളില്‍ ദേശീയതലത്തില്‍ പഞ്ചാബാണ് മുന്നില്‍. കേരളം, രാജസ്ഥാന്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഭാഷയില്‍ പഞ്ചാബിന് തൊട്ടുപിന്നില്‍. ഗണിതത്തില്‍ രാജസ്ഥാന്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, അസം, കേരളം എന്നീ സംസ്ഥാനങ്ങളാണ് പഞ്ചാബിന് പിന്നിലുള്ളത്. ശാസ്ത്രപഠനത്തില്‍ രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. കേരളം മൂന്നാംസ്ഥാനത്താണ്. സാമൂഹികശാസ്ത്രത്തില്‍ ചണ്ഡീഗഢാണ് മുന്നില്‍. പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, ഗോവ സംസ്ഥാനങ്ങളാണ് പിന്നില്‍. ഉയര്‍ന്നക്ലാസുകളിലേക്ക് പോകുമ്പോള്‍ പഠനനിലവാരം കുറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
മറ്റ് പ്രധാന കണ്ടെത്തലുകള്‍
18 ശതമാനം അമ്മമാര്‍ നിരക്ഷരര്‍.
അഞ്ചുശതമാനം പേര്‍ക്ക് പ്രൈമറിസ്കൂള്‍ വിദ്യാഭ്യാസം മാത്രം.
25 ശതമാനം പേര്‍ക്ക് യു.പി. ക്ലാസ് വിദ്യാഭ്യാസം മാത്രം.
27 ശതമാനം പേര്‍ക്ക് പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസം.
12 ശതമാനം അമ്മമാര്‍ക്കേ ബിരുദതല വിദ്യാഭ്യാസമുള്ളൂ.
സ്കൂളിലേക്ക് നടന്നെത്തുന്ന കുട്ടികള്‍ -48 ശതമാനം.
സൈക്കിളില്‍ എത്തുന്നവര്‍ -18 ശതമാനം.
പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ -ഒന്‍പത് ശതമാനം.
ഇരുചക്രവാഹനത്തില്‍ എത്തുന്നവര്‍ -എട്ട് ശതമാനം.
കാറില്‍ എത്തുന്നവര്‍ -മൂന്ന് ശതമാനം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..