സുല്‍ത്താന്‍ ബത്തേരി: സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാര്‍ഥികളാരും ക്ലാസില്‍ കയറില്ലെന്ന് സ്കൂള്‍ വിദ്യാര്‍ഥിനി നിദ ഫാത്തിമ. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈംടൈം പരിപാടിയിലാണ് നിദ ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ അധ്യാപകന് ഇനി ആ സ്കൂളില്‍ വരരുതെന്നും ഒരു സ്കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. കുട്ടിയെ സ്കൂളില്‍ കൊണ്ടുപോവണമെന്ന ലീന എന്ന അധ്യാപികയുടെ ആവശ്യം അധ്യാപകന് കേട്ടില്ല. മാതാപിതാക്കള്‍ വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടിയെ അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് പ്രധാനാധ്യാപകന് പറഞ്ഞത്. നുണ പറയുന്ന അധ്യാപകരെ തങ്ങള്‍ക്ക് വേണ്ട. ഈ പ്രശ്നത്തിന് പൂര്‍ണമായ പരിഹാരം വേണം. ഒരു കുട്ടിക്ക് തലവേദന വന്നാല്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോവണം. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമേ രക്ഷിതാക്കളെ വിളിക്കാവൂ എന്നും നിദ ആവശ്യപ്പെട്ടു.
Content Highlights: Accused teachers should not come to school says Nida fathima