കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. പ്രധാനപ്രതി സൂഫിയാനടക്കമുള്ളവരെ 14 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേരി കോടതിയെ ആണ് കസ്റ്റംസ് സമീപിച്ചത്.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ 17-ഓളം പേരെ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്.

സ്വര്‍ണം വന്നത് സൂഫിയാന് വേണ്ടിയാണ്. ഇത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് അര്‍ജുന്‍ ആയങ്കിയുടേയും യൂസഫിന്റേയും സംഘവുമെത്തിയത്. അര്‍ജുന്‍ ആയങ്കിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യും. ജയിലിലുള്ള കൊടി സുനിയേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ കസ്റ്റംസ്.

പോലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസും അറസ്റ്റ് ചെയ്യും.