രമേഷ്
കൊല്ലം: മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടില്‍ മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. കന്യാകുമാരി സ്വദേശി രമേഷ് (48) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച 53 പവന് സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.
കടപ്പാക്കടയില്‍ ഷിബു ബേബിജോണിന്റെ വീടിനോടുചേര്‍ന്നുള്ള കുടുംബവീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ഷിബുവിന്റെ അമ്മ അന്നമ്മയുടെ ആഭരണങ്ങളാണ് മോഷണംപോയത്.
മുന്‍മന്ത്രി ബേബിജോണിന്റെ മരണശേഷം അന്നമ്മയാണ് ഈ വീട്ടില്‍ താമസം. അവര്‍ രാത്രിയില്‍ ഷിബുവിന്റെ വീട്ടിലാണ് ഉറങ്ങുന്നത്.
പോലീസ് പറയുന്നത്: പാലക്കാട് ജില്ലാ ജയിലില്‍ തടവിലായിരുന്ന രമേഷ് ഏപ്രില്‍ 30-നാണ് മോചിതനായത്. തീവണ്ടിയില്‍ കൊല്ലത്തെത്തിയ ഇയാള്‍ രാത്രി പരിസരങ്ങളിലെ വീടുകളില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് കാടന്‍മുക്ക് ഉപാസന നഗര്‍-105, വയലില്‍വീട്ടില്‍ ആളില്ലെന്നു മനസ്സിലാക്കി മോഷണം നടത്തിയത്.
കമ്പിപ്പാരകൊണ്ട് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന പ്രതി കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം പ്രതിയുടെ സി.സി.ടിവി. ദൃശ്യങ്ങള്‍ തമിഴ്നാട് പോലീസിനു കൈമാറി. പിന്നീട് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ നാഗര്‍കോവിലില്‍നിന്ന് പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജി.ഡി.വിജയകുമാര്‍, കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്.രതീഷ്, എസ്.ഐ. മാരായ ബാലചന്ദ്രന്, രാജ്മോഹന്‍, എ.എസ്.ഐ. ബൈജു ജെറോം, സി.പി.ഒ. രതീഷ്, എസ്.സി.പി.ഒ. സുനില്‍, സി.പി.ഒ. മാരായ രഞ്ജിത്ത്, സനോജ്, ബിനു, ജലജ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..