20000 കിലോ ഭാരം നൈലോണ്‍ നൂല്‍ ബെല്‍റ്റില്‍;നിയമങ്ങള്‍ കാറ്റില്‍ പറത്തി രണ്ടു ജീവന്‍ കവര്‍ന്നു,ദാരുണം


കെ.പി. വിഷ്ണു പുന്നയൂർ

സുരക്ഷാനിയമങ്ങള്‍ കാറ്റില്‍ പറത്തിവന്ന ലോറിയില്‍ ഭാരമുള്ള ലോഹപാളികള്‍ കെട്ടി നിര്‍ത്തിയിരുന്നത് ചെറിയ നൈലോണ്‍ ബെല്‍റ്റുകളുപയോഗിച്ചാണ്. അമിതഭാരത്താല്‍ ഇവ പൊട്ടി

അപകത്തിന്റെ ഗ്രാഫിക്‌സ്, ഇൻസൈറ്റിൽ മുഹമ്മദാലി, ഷാജി

പുന്നയൂര്‍ : ദേശീയപാതയില്‍ അകലാട് സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലര്‍ ലോറിയില്‍നിന്ന് തെറിച്ചുവീണ ലോഹപ്പാളികള്‍ക്കടിയില്‍പ്പെട്ട് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. എടക്കഴിയൂര്‍ മഠത്തിപറമ്പില്‍ മുഹമ്മദാലി (70), അകലാട് കിഴക്കത്തറ ഷാജി (40) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. സുരക്ഷാനിയമങ്ങള്‍ കാറ്റില്‍ പറത്തിവന്ന ലോറിയില്‍ ഭാരമുള്ള ലോഹപാളികള്‍ കെട്ടി നിര്‍ത്തിയിരുന്നത് ചെറിയ നൈലോണ്‍ ബെല്‍റ്റുകളുപയോഗിച്ചാണ്. അമിതഭാരത്താല്‍ ഇവ പൊട്ടി. 100 മുതല്‍ 300 കിലോഗ്രാം വരെ ഭാരമുള്ള നൂറിലധികം പാളികളാണ് ലോറിയിലുണ്ടായിരുന്നത്. റോഡരികില്‍ നിന്നിരുന്ന മുഹമ്മദാലിയുടെയും ഷാജിയുടെയും ദേഹത്തേക്ക് ഇവ വീണു. സ്‌കൂളിന്റെ മതിലും തകര്‍ന്നു.

എടക്കഴിയൂരിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു മുഹമ്മദാലി. പഞ്ചവടിയിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകാന്‍ സ്‌കൂട്ടറില്‍ വരുകയായിരുന്നു ഷാജി. ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന മുഹമ്മദാലി കൈകാണിച്ചു. ഇദ്ദേഹത്തെ കയറ്റാന്‍ ഷാജി വണ്ടി നിര്‍ത്തി. ലോറി ഇവരെ മറികടന്നുപോകവേയാണ് അപകടം. ലോറിഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സഹായിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

അകലാട് ലോറിയിൽനിന്ന്‌ കെട്ടുപൊട്ടി റോഡിലേക്ക് വീണ ലോഹപ്പാളികൾ

നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരും ഏറെ പ്രയാസപ്പെട്ടാണ് മുഹമ്മദാലിയെയും ഷാജിയെയും പുറത്തെടുത്തത്. ചാവക്കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും ദേഹം ചതഞ്ഞ നിലയിലായിരുന്നു,

വശങ്ങള്‍ മറയില്ലാത്ത ലോറി കോഴിക്കോടുനിന്ന് എറണാകുളത്തേക്കാണ് പോയിരുന്നത്. വിദേശത്തേക്ക് വസ്തുക്കള്‍ കയറ്റിയയക്കുന്നതിന് ഉപയോഗിക്കുന്ന ചെറിയ കണ്ടെയ്‌നറുകള്‍ നിര്‍മിക്കുന്നതിനുള്ള പാളികളായിരുന്നു ലോറിയില്‍. പരേതയായ ഐഷയാണ് മുഹമ്മദാലിയുടെ ഭാര്യ. മക്കള്‍: ഷെമീര്‍, ലുക്ക്മാന്‍, സെലീന, ജെസീന, റെഹീന, സബിത, നുസൈബ. ഷാജിയുടെ ഭാര്യ: റാബിയ. മക്കള്‍: ഫെബി, ഫിദ, മിതു. പിതാവ്: അബു, മാതാവ്: ബിവാത്തു. മൃതദേഹങ്ങള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇരുപതിനായിരം കിലോ ഭാരം കെട്ടിയത് നൈലോണ്‍ നൂല്‍ ബെല്‍റ്റില്‍

: ചെറിയ കണ്ടെയ്‌നറുകള്‍ നിര്‍മിക്കുന്നതിനുള്ള 100 മുതല്‍ 300 കിലോ വരെ തൂക്കം വരുന്ന ഇരുമ്പുപാളികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള നൂറിലധികം പാളികളുണ്ടായിരുന്നു.

നാലുവശങ്ങളും തുറന്നുള്ള ട്രെയിലര്‍ ലോറിയില്‍ ഇവയെല്ലാം അടുക്കിവെച്ചുകെട്ടിയത് നൈലോണ്‍നൂലുകൊണ്ടുള്ള ബെല്‍റ്റ് ഉപയോഗിച്ചാണ്. ഭാരത്തിന്റെ സമ്മര്‍ദം വന്നപ്പോള്‍ കെട്ടിയ ബെല്‍റ്റുകളെല്ലാം പൊട്ടി നൂറോളം പാളികള്‍ ഒരുമിച്ച് റോഡിലേക്ക് പതിക്കുകയാണുണ്ടായത്.

കണ്ടെയ്നർ പാളികൾ കെട്ടിവയ്ക്കാൻ ഉപയോഗിച്ച നൈലോൺ നൂൽ ബെൽറ്റ്

ആകെ മൂന്നെണ്ണമാണ് ലോറിയില്‍ അവശേഷിച്ചത്. ഭാരമുള്ള വസ്തുകള്‍ ദീര്‍ഘദൂരം കൊണ്ടുപോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളിലെ വലിയ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചത്.

അമിതലോഡിന് പിഴ ഇങ്ങനെ
:ലോഡ്‌ വാഹനത്തിൽനിന്ന്‌ തള്ളിനിന്നാൽ 20,000 രൂപവരെ. പെട്ടിഓട്ടോറിക്ഷയിൽ പി.വി.സി. പൈപ്പ് കൊണ്ടുപോകുമ്പോളായാൽപോലും പുറത്തേക്ക് തള്ളിനിന്നാൽ ഈ പിഴ നൽകണം. കൊണ്ടുപോകുന്ന സാധനം നോക്കിയല്ല, അപകടസാധ്യത പരിഗണിച്ചാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, ഇത്തരത്തിൽ പിടികൂടുന്ന ലോഡുകൾ വാഹനങ്ങളിൽനിന്ന് ഇറക്കുകയും വേണം.


ലോറി സഞ്ചരിച്ചത്110 കിലോമീറ്റര്‍
പുന്നയൂര്‍: മുക്കിലും മൂലയിലും വാഹനപരിശോധന നടത്തുന്ന പോലീസ്, മോട്ടോര്‍വാഹനവകുപ്പ്, ഹൈവേ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ ഇടയിലൂടെയായിരുന്നു അതിഭീകര അപകടയാത്ര. സുരക്ഷാമാനദണ്ഡങ്ങളെല്ലാം ലംഘിച്ച് അപകടഭീഷണി മുഴക്കിയാണ് 30 അടിയോളം നീളമുള്ള ട്രെയിലര്‍ ലോറി വന്നിരുന്നത്.

ലോറിയില്‍ ഇരുപതിനായിരം കിലോയില്‍ അധികം ഭാരമുള്ള വസ്തുക്കള്‍. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുന്ന ലോറി 110 കിലോമീറ്ററായപ്പോഴാണ് അകലാടെത്തിയത്. രണ്ടുപേരുടെ ജീവനെടുത്ത അപകടം ഇവിടെയായിരുന്നു.

അതിനിടെ എത്രതവണ പോലീസ് വാഹനപരിശോധന നടന്നുകാണുമെന്നാര്‍ക്കറിയാം. പുകപരിശോധനയ്ക്കുപോലും കര്‍ശനനിയമം പാലിക്കുന്ന പോലീസ് ഇത്രയും ഗുരുതരമായ വീഴ്ച കണ്ടില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

വിദേശരാജ്യങ്ങളിലേക്ക് പാഴ്‌സല്‍ അയയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഗുഡ്പാക്ക് കമ്പനിയുടെ കണ്ടെയ്‌നര്‍പെട്ടിയുടെ പാളികളാണ് ലോറിയിലുണ്ടായിരുന്നത്. വ്യത്യസ്ത വലുപ്പത്തിലുള്ളതും ഭാരമേറിയതുമായ പാളികള്‍ കൃത്യതയില്ലാതെയാണ് അടുക്കിവെച്ചിരുന്നത്. ലോറിയുടെ വശങ്ങളെല്ലാം തുറന്നുകിടന്നതും പാളികളിളകാന്‍ കാരണമായി.

അതിരാവിലെയാണ് അപകടം. റോഡില്‍ തിരക്കില്ലാത്ത സമയമായിരുന്നു. ഇതും വലിയ അനുഗ്രഹമായി. അല്ലെങ്കില്‍ അപകടത്തിന്റെ തോത് വലുതായേനേ. സംഭവം നടന്ന അകലാടുനിന്ന് എറണാകുളത്തേക്ക് മൂന്നുമണിക്കൂറിലധികം ദൂരമുണ്ട്. തിരക്ക് കൂടുതലുള്ള നഗരപ്രദേശത്തായിരുന്നു അപകടമെങ്കില്‍ എന്തായേനെയെന്ന ചിന്തയുമുണ്ട് പലര്‍ക്കും.

അകലാട് സ്‌കൂളിന്റെ മതിലിലേക്കും ചുമരിലേക്കുമാണ് പാളികള്‍ വന്നുപതിച്ചത്. മണിക്കൂറുകള്‍ക്കുശേഷം വിദ്യാര്‍ഥികളടക്കം നിരവധി ആളുകളെത്തുന്ന സ്ഥലത്താണ് അപകടം നടന്നത്.

ഒന്നിച്ചെത്തി ഒന്നിച്ചുമടക്കം
പുന്നയൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതോടെ പുതിയ വീട് നിര്‍മിക്കാന്‍ അകലാട്ടേക്ക് താമസം മാറ്റിയവരായിരുന്നു അപകടത്തില്‍ മരിച്ച മുഹമ്മദാലിയും ഷാജിയും.

സ്‌കൂട്ടറില്‍ വരുകയായിരുന്ന ഷാജിയെ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന മഹുമ്മദാലി കൈക്കാണിക്കുന്നു

നാടിനെ മുഴുവന്‍ കണ്ണീലാഴ്ത്തിയാണ് ഇരുവരുടെയും മരണവാര്‍ത്ത വെളുപ്പിന് എത്തിയത്. എടക്കഴിയൂരുള്ള വീട് പൊളിച്ചപ്പോള്‍ എല്ലാ ദിവസവും പുലര്‍െച്ച നിസ്‌കാരം കഴിഞ്ഞ് മുഹമ്മദാലി സുഹൃത്തുക്കളെ കാണാന്‍ അവിടേക്ക് പോകുമായിരുന്നു. അതിനുവേണ്ടിയാണ് പതിവുപോലെ രാവിലെ ഇറങ്ങിയത്.

ലോറിയുടെ കെട്ടുപൊട്ടി ഇരുമ്പുഷീറ്റുകള്‍ റോഡിലേക്ക് വീഴുന്നു

പഞ്ചവടിയിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ് ഷാജി. രാവിലെ ഷാജി പോകുമ്പോള്‍ ഇടയ്‌ക്കൊക്കെ മുഹമ്മദാലിയെയും കൂട്ടാറുണ്ട്. പതിവുപോലെയുള്ള ഒരുദിവസത്തെ ഇരുവരുടെയും കണ്ടുമുട്ടലിന്റെ സന്തോഷച്ചിരിയിലേക്കും കുടുംബത്തിലേക്കുമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ദുരന്തം പെയ്തിറങ്ങിയത്. ഇരുവരുടെയും മൃതദേഹം എടക്കര ജുമാമസ്ജിദില്‍ കബറടക്കി.

ഷീറ്റുകള്‍ക്കടിയില്‍പ്പെട്ട മുഹമ്മദാലി

വാഹനങ്ങളിലെ അമിതഭാരം: നെഞ്ചിടിപ്പോടെ യാത്രികർ

തൃശ്ശൂര്‍: കരിങ്കല്ല് കയറ്റിയ ടിപ്പറുകള്‍ അരികിലൂടെ പോകുമ്പോള്‍ അറിയാതെ നെഞ്ചിടിപ്പ് കൂടും. വാഹനം അകലുന്നതുവരെ ഭയം കൂടെയുണ്ടാകും. ഇത്തരം ഭീതികള്‍ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ അകലാട് സംഭവിച്ചത്. ലോഹഷീറ്റുകള്‍ വീണാണ് അകലാട് അപകടമുണ്ടായതെങ്കില്‍ ഇതേ തരത്തില്‍ ഭീതിയുണ്ടാക്കുന്ന മറ്റു പലതും റോഡിലുണ്ട്. പിടിയിലൊതുങ്ങാത്തത്ര വലുപ്പമുള്ള മരം കയറ്റിയ ലോറികള്‍, പിന്നിലേക്ക് മീറ്റര്‍കണക്കിന് നീളത്തിലുള്ള കമ്പികളുമായി പായുന്ന വാഹനങ്ങള്‍... എന്നിങ്ങനെ പോകുന്നു ഇവ.

നൂറുകണക്കിന് കിലോമീറ്ററുകള്‍ ഭീതിപ്പെടുത്തിക്കൊണ്ട് ഓടുമ്പോഴും ഇവയൊന്നും നിയമത്തിന്റെ കണ്ണില്‍പ്പെടുന്നില്ല. അധികൃതര്‍ അവഗണിക്കുന്നതുകൊണ്ടുതന്നെ അമിതഭാരമെന്നത് എണ്ണിയാലൊടുങ്ങാത്ത കുറ്റമായി മാറുന്നു.

12 ടണ്‍ ലോറികളില്‍ 30 ടണ്‍ ലോഡ്

12 ടണ്‍ തടി കയറ്റാന്‍ അനുമതിയുള്ള ലോറികളില്‍ കയറ്റുന്നത് 30 ടണ്‍ വരെ ലോഡ്. അനുവദനീയമായതിന്റെ ഇരട്ടിയിലധികം. എന്നിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ലെന്നതാണ് അമിതഭാരം കയറ്റലിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ടിപ്പറുകളിലാണെങ്കില്‍ 16 ടണ്ണിന് അനുമതിയുള്ളപ്പോള്‍ 40 ടണ്‍ വരെ കയറ്റും. സാധനങ്ങള്‍ കൂടുതല്‍ കയറ്റാനായി ലോറിയിലെ സാധനങ്ങള്‍ കയറ്റുന്ന പെട്ടിയുടെ വലുപ്പം കൂട്ടുകയും ചെയ്യും. ഇതൊന്നും അധികൃതര്‍ കാണില്ല.

ലോഡ് വാഹനത്തില്‍നിന്ന് തള്ളിനിന്നാല്‍ 20,000 രൂപവരെ പിഴയുണ്ട്. പെട്ടിഓട്ടോറിക്ഷയില്‍ പി.വി.സി. പൈപ്പ് കൊണ്ടുപോകുമ്പോളായാല്‍പോലും പുറത്തേക്ക് തള്ളിനിന്നാല്‍ 20,000 രൂപയാണ് പിഴ. കൊണ്ടുപോകുന്ന സാധനം നോക്കിയല്ല, അപകടസാധ്യത പരിഗണിച്ചാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

മാത്രമല്ല, ഇത്തരത്തില്‍ പിടികൂടുന്ന ലോഡുകള്‍ വാഹനങ്ങളില്‍നിന്ന് ഇറക്കുകയും വേണം. കൂടുതല്‍ അപകടകരമായ രീതിയില്‍ കമ്പികളും മറ്റും റോഡിലൂടെ കൊണ്ടുപോകുന്നത് സ്ഥിരം കാഴ്ചയാണ്.

നടപടി ഒമ്പതുമാസത്തിനിടെ 274 പേര്‍ക്കെതിരേ മാത്രം

ഒരു മിനിറ്റ് ഹൈവേയില്‍ നിന്നാല്‍ മിനിമം അഞ്ച് ഓവര്‍ലോഡ് വാഹനങ്ങള്‍ കാണുമെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തവര്‍ പറയുന്നത്. എന്നാല്‍, തൃശ്ശൂര്‍ ജില്ലയില്‍ 2021 നവംബര്‍ മുതല്‍ 2022 ജൂലായ് വരെയുള്ള ഒമ്പതുമാസത്തിനിടെ അമിതഭാരം എന്ന കുറ്റം ചുമത്തിയത് 274 വാഹനങ്ങള്‍ക്ക് മാത്രമാണെന്ന് വിവരാവകാശരേഖ പറയുന്നു.

ജൂലായില്‍ നല്‍കിയ മറുപടിയനുസരിച്ച് ഇതില്‍ ആറ് കേസുകള്‍ മാത്രമാണ് ഹൈക്കോടതിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്നും വിവരാവകാശത്തില്‍ പറയുന്നു. 2021 നവംബര്‍ മുതല്‍ ജൂണ്‍ 2022 വരെയുള്ള കാലയളവില്‍ അമിതഭാരം കയറ്റിയ ഒരു വാഹനംപോലും തങ്ങളുടെ അധികാരപരിധിയില്‍ എത്തിയില്ലെന്നാണ് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കീഴിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ഒമ്പത് ഓഫീസുകളില്‍നിന്ന് അറിയിച്ചിരിക്കുന്നത്. നിയമം എത്രത്തോളം കണ്ണടയ്ക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെല്ലാം.

അമിതഭാരത്തിനെതിരേ കോടതിയില്‍

ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പെരുമ്പാവൂര്‍ സ്വദേശി കെ.എ. അനൂപ്, പുത്തന്‍കുരിശ് സ്വദേശി സുബിന്‍പോള്‍ എന്നിവരാണ് വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നതിനെതിരേ കോടതിയെ സമീപിച്ചത്. 2018-ല്‍ ആണ് ഇവര്‍ ആദ്യമായി ഹൈക്കോടതിയെ സമീപിക്കുന്നത്. 2019-ല്‍ അനുകൂലവിധി വന്നു.

ലൈസന്‍സ് റദ്ദാക്കുക, ലോഡ് ഇറക്കിപ്പിക്കുക തുടങ്ങി കര്‍ശനനടപടികള്‍ വേണമെന്നത് കോടതിയും അംഗീകരിച്ചു. പക്ഷേ, ഇത് നടപ്പാക്കിയില്ല. തുടര്‍ന്ന് 2021-ല്‍ ഇവര്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും പരാതി നല്‍കി. ഇതിലെ ഏഴ് ഇടക്കാല ഉത്തരവുകള്‍ വന്നുകഴിഞ്ഞു. നിയമം പാലിച്ചാല്‍ അപകടസാധ്യത കുറയുമെന്നതാണ് ഇവരെ ആകര്‍ഷിച്ച ഒരു ഘടകം. കൂടാതെ കൂടുതല്‍ ജോലിസാധ്യതയുണ്ടാകുകയും ചെയ്യും.

പിഴ കുറച്ചു

അധികലോഡിന് കേന്ദ്രം വൻതുക പിഴ നിശ്ചയിച്ചപ്പോൾ കേരളം അതിലും വിട്ടുവീഴ്‌ച കാണിച്ചു. ഇരുപതിനായിരം രൂപയും പിന്നെ ടണ്ണിന് രണ്ടായിരം രൂപ വീതവുമാണ് പിഴ നിശ്ചയിച്ചിരുന്നത്.

കേരളത്തിൽ ഇത് 10,000 രൂപയും ടണ്ണിന് 1500 രൂപയുമാക്കി കുറച്ചു. ശിക്ഷയിൽ കുറവ്‌ വരുന്നതുതന്നെ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണെന്ന് ലോറിയുടമകൾത്തന്നെ ആരോപിക്കുന്നു.

Content Highlights: accidnt death-thrissur-20000 kg weight on nylon yarn belt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented