വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ തകർന്ന കാർ, ബുധനാഴ്ചത്തെ അപകടത്തിൽ തകർന്ന കാർ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനാപകടം. ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായ സ്ഥലത്തു തന്നെ വ്യാഴാഴ്ച രാവിലെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇന്നുണ്ടായ അപകടത്തില്‍ സഹോദരിമാരായ മീനാക്ഷി അമ്മാള്‍, ഭാഗ്യലക്ഷ്മി എന്നിവരാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. പാലായില്‍ നിന്നും ആലുവക്ക് പോകുകയായിരുന്ന കാറും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബുധനാഴ്ച അപകടം നടന്നതിന് 100 മീറ്റര്‍ മാറിയാണ് ഇന്നും അപകടമുണ്ടായത്. ചങ്ങനാശ്ശേരി സ്വദേശിയായ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇസ്മയില്‍ (25), പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള (60) എന്നിവരാണ് കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവിനെ കൂട്ടാനെത്തിയതായിരുന്നു ഇവര്‍. അപകടത്തില്‍ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍, സഹോദരനും ചങ്ങനാശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി.പി. അനില്‍കുമാറിനും പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എം.സി. റോഡില്‍ മൂവാറ്റുപുഴ-കൂത്താട്ടുകുളം റൂട്ടില്‍ ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30-ന് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ദാമോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കൂട്ടി ചങ്ങനാശ്ശേരിക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുടെ മുന്നിലായി വലതു ഭാഗത്തേക്ക് ഇടിച്ചുകയറി ഉടക്കിപ്പോയ കാര്‍ മാറ്റാനും അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാനും ഏറെ പണിപ്പെട്ടു. നാട്ടുകാരാണ് അമര്‍ന്നു പോയ വാതിലും മറ്റ് ഭാഗങ്ങളും പൊളിച്ച് നാലുപേരെയും പുറത്തെടുത്തത്.
എം.സി. റോഡില്‍ ഈ ഭാഗത്തെ അശാസ്ത്രീയമായ നിര്‍മാണമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കൃത്യമായ സൈന്‍ ബോര്‍ഡുകളും സിഗ്‌നലും സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Content Highlights: Two died in an accident in Muvattupuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..