ആലപ്പുഴ: ചൊവ്വാഴ്ച രാത്രി ആലപ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍ ദുരൂഹതയേറുന്നു. അപകടം സംഭവിച്ചയാളുടെ മൃതദേഹം 15 കിലോമീറ്റര്‍ മാറി വിവസ്ത്രമായ നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്കിട നല്‍കുന്നത്.  

കലവൂര്‍ ഹനുമാരുവെളി സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കളര്‍കോട് ജംഗ്ഷനില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി തോട്ടപ്പളി ഭാഗത്തുവെച്ച് ഇയാളെ വാഹനമിടിച്ചിരുന്നു. എന്നാല്‍, 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 

തോട്ടപ്പള്ളിയില്‍ നിന്ന് ഇയാളെ വാഹനമിടിക്കുന്നത് നേരില്‍ കണ്ടയാളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അപകടത്തില്‍പെട്ടയാളെയോ വാഹനമോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  ഒരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് ഇവിടെ നിന്ന് പോലീസിനു ലഭിച്ചത്. 

എന്നാല്‍, ഇന്ന് പുലര്‍ച്ചയോടെ കളര്‍കോട് ഭാഗത്തുനിന്നാണ് സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങള്‍ ഇല്ലാതെ റോഡരികില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കിടന്ന കളര്‍കോട് എന്ന സ്ഥലം.  

അപകടത്തില്‍പെട്ട സുനില്‍ കുമാറിനെ 15 കിലോമീറ്റര്‍ മാറി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ദുരൂഹതയേറുന്നത്. 

പരിക്കേറ്റ് വഴിയില്‍ കിടന്ന സുനില്‍ കുമാറിനെ ആരെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയും വഴിയില്‍ വെച്ച് മരണം സംഭവിച്ചതിനെ തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ചതാവാമെന്നും പോലീസ് സംശയിക്കുന്നു. ഇടിച്ച വാഹനത്തിലുണ്ടായിരുന്നവര്‍ തന്നെ കൊണ്ടുപോയി ഇവിടെ ഉപേക്ഷിച്ചതാണോയെന്നും സംശയമുണ്ട്. എന്നാല്‍, മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലാതിരുന്നത് കൊലപാതകമാണോ എന്ന സംശയവുമുയര്‍ത്തുന്നുണ്ട്. 

സുനില്‍ കുമാറിന്റെ മകനെത്തിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. നാല് ദിവസം മുമ്പ് ഇയാള്‍ വീടുവിട്ടിറങ്ങയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.