കൊച്ചി: കടവന്ത്ര കെ.പി. വള്ളോന്‍ റോഡില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം പൂക്കോട്ടുപാടം പൊട്ടിക്കല്ല് സ്വദേശി മൊരടന്‍ അനീഷ് (26), എളമക്കര പൊറ്റക്കുഴി കുമ്മനാത്ത് വീട്ടില്‍ എഡ്വേര്‍ഡ് ബൈജു (47) എന്നിവരാണ് മരിച്ചത്.

മൂന്നു പേരെ പരിക്കുകളോടെ നഗരത്തിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടവന്ത്ര സ്വദേശി ആരോണ്‍ ജേക്കബ്, കോന്തുരുത്തി സ്വദേശി അനന്തു (22), തോമസ് ബെന്നി (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനന്തുവിന്റെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് എതിരേ വന്ന രണ്ട് ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. അനീഷ് ഓടിച്ചിരുന്ന 'ഡ്യൂക്ക്' ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ കല്ലുഭാഗം ഭാഗത്തുനിന്ന് കടവന്ത്രയ്ക്ക് വരുന്നതിനിടെ ആദ്യം അനന്തുവിന്റെയും പിന്നീട് എഡ്വേര്‍ഡിന്റെയും ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിച്ചെങ്കിലും അനീഷിനെയും എഡ്വേര്‍ഡിനെയും രക്ഷിക്കാനായില്ല.

അലുമിനീയം ഫാബ്രിക്കേഷന്‍ കോഴ്സ് പാസായ അനീഷ് കൊച്ചിയില്‍ താമസിച്ച് ജോലിചെയ്തു വരികയായിരുന്നു. റിട്ട. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സുഹൃത്തുക്കളെ കാണാന്‍ കടവന്ത്രയില്‍ എത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അനീഷിന്റെ പിതാവ്: പരേതനായ ഉണ്ണികൃഷ്ണന്‍. മാതാവ്: നളിനി. സഹോദരങ്ങള്‍: അജീഷ്, അനശ്വര, അഞ്ജിമ.

എഡ്വേര്‍ഡിന്റെ പിതാവ്: ആന്റണി. മാതാവ്: ഗ്രേസി. ഭാര്യ: ജിന്‍സി. മക്കള്‍: ആന്‍ റിനെയ്ര, സിസിലി.