തിരുവനന്തപുരം: തിരുവനന്തപുരത്ത് നാവായിക്കുളം 28-ാം മൈലില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസും, കണ്ടെയ്‌നറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ ആറേകാലോടെയാണ് സംഭവം. തിരുവനന്തപുരത്തെ വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് പാലക്കാട്ടേക്ക് പോയ കെഎസ്ആര്‍ടിസി ബസും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഡല്‍ഹി-ബറോഡ റോഡ് കോര്‍പ്പറേഷന്റെ കണ്ടെയ്‌നറും തമ്മിലാണ് കൂട്ടിമുട്ടിയത്. 

ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നറിന്റെ ഡ്രൈവിങ് ക്യാബിന്‍ നിയന്ത്രണം വിട്ട് തിരിയുകയും പുറകില്‍ വന്ന കാറില്‍ ഇടിക്കുകയും ചെയ്തു. ബസിനുള്ളില്‍ അഞ്ചുപേര്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ അഞ്ചുപേരും ബസിലുണ്ടായിരുന്നതാണെന്നാണ് വിവരം. ഇവരെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കും പരിക്കുകളൊന്നുല്ലെന്ന് പോലീസ് അറിയിച്ചു.

Content Highlights: Accident at thiruvanathapuram navayikulam as three vehicles collided