നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ല. അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിലമ്പൂര്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. ബിസിനസ്സ് ആവശ്യത്തിന് ആഫ്രിക്കയില്‍ പോയെന്നാണ് സംശയം. തിരഞ്ഞെടുപ്പിന് മുന്‍പും മണ്ഡലത്തില്‍ എം.എല്‍.എ.യുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി.വി അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പി.വി.അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ ലൈവില്‍ വരുകയും സ്വര്‍ണ്ണഖനിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് താനെന്നും അറിയിക്കുകയായിരുന്നു. ശേഷം നാട്ടിലെത്തിയ എം.എല്‍.എയ്ക്ക് വലിയ സ്വീകരണമാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി വീണ്ടും ഉയരുകയാണ്. 

എം.എല്‍.എ. മണ്ഡലത്തെ അനാഥമാക്കിയെന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ നിലമ്പൂര്‍ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഗോപിനാഥ് പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ അനുമതിയോടെ മൂന്ന് മാസത്തെ അവധിയില്‍ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Content Highlights: Absence of nilambur mla p v anwar creates contoversy again