.jpeg?$p=c96a88c&f=16x10&w=856&q=0.8)
എബ്രഹാം ജോസഫ്
തിരുവനന്തപുരം: പ്രമുഖ ക്വിസ് മാസ്റ്ററും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുന്‍മേധാവിയുമായിരുന്ന എബ്രഹാം ജോസഫ് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഒരുമണിയോടെ ആയിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ അദ്ദേഹം 'ബ്രെയിന്‍ ഓഫ് കേരള' എന്ന വിളിപ്പേരിന് അര്‍ഹനായിരുന്നു. അപാരമായ ഓര്‍മശക്തിയും ആഴത്തിലുള്ള വായനയും എബ്രഹാം ജോസഫിന്റെ പ്രത്യേകതയായിരുന്നു. ഇവ ക്വിസ് മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മികവേകുകയും ചെയ്തു. ചാനലുകള്‍ സജീവമായതോടെ മിനിസ്ക്രീനില്‍ പ്രതിവാര ക്വിസ് പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഗവേര്‍ണിങ് കൗണ്‍സില്‍ അംഗം, വിവിധ ഗവേഷണ ഗ്രൂപ്പുകളിലെ പ്രതിനിധി എന്നീ നിലകളില്‍ പൊതുരംഗത്തും സജീവമായിരുന്നു. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 'ദി ലൈറ്റ് ഇയേഴ്സ്' എന്ന ഗ്രന്ഥപരമ്പര ഉള്‍പ്പെടെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ വൈദ്യന് വീട്ടില്‍ കുടുംബാംഗമാണ് എബ്രഹാം ജോസഫ്. ചില്‍ഡ്രന്‍സ് എന്‍സൈക്ലോപീഡിയ ഡയറക്ടറായിരുന്ന പരേതനായ എബ്രഹാം ജോസഫാണ് പിതാവ്. അമ്മ: പ്രൊഫ.സൂസന് ജോസഫ് (റിട്ട. പ്രിന്‍സിപ്പല്‍, നാലാഞ്ചിറ മാര്‍ തിയോഫിലസ് ട്രെയിനിങ് കോളേജ്). ഭാര്യ: നിഷ ആച്ചി തോമസ് (അധ്യാപിക, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) റാന്നി മേത്രയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ഇന്ദു സൂസന് എബ്രഹാം (ഗൈനക്കോളജി വിഭാഗം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ്), താര സൂസന് എബ്രഹാം (എന്‍ജിനീയര്‍), മേഘ മേരി എബ്രഹാം (ബിരുദ വിദ്യാര്‍ഥിനി). മരുമകന്: ഡോ. ബിജോയ് വി. ഏലിയാസ് (കാര്‍ഡിയോളജി വിഭാഗം ഡി.എം.വിദ്യാര്‍ഥി, കോട്ടയം മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍: മാത്യു ജോസഫ് (ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഹൈദരാബാദ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍), സുജാതാ ജോണ്‍.
മൃതദേഹം ഞായറാഴ്ച 2.30-ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ പ്രാര്‍ഥനയ്ക്കുശേഷം മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..