കോട്ടയം: ഇടുക്കി ജില്ലയിലെ കൊക്കയാറിലും കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തഞ്ചോളംപേരെ കാണാതായി. കൂട്ടിക്കലില്‍നിന്ന്‌ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇവ ആരൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ പത്തുപേരെയുമാണ് കാണാതായതെന്നാണ് വിവരം. 

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. 

കൂട്ടിക്കല്‍ പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്.

കൊക്കയാറില്‍ ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര തുടങ്ങിയവരെയാണ് കാണാതായതായി സ്ഥിരീകരിച്ചിട്ടുള്ളത്.

content highlights: about 25 people missing in landlside in idukki kokkayar and kottayam koottikkal