ന്യുഡല്‍ഹി: മൂന്നു ദിവസത്തേക്ക് കേരളത്തിൽ ലോക്ഡൗണിൽ ഇളവ് നൽകിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വി. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നീക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും സിങ്‌വി ട്വിറ്ററില്‍ കുറിച്ചു. 

കാവടി യാത്ര തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്ന ചോദ്യവും അഭിഷേക് സിങ്‌വി ഉന്നയിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ കാവടി യാത്ര തീര്‍ത്ഥാടനം സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ദേശീയ വക്താവായ അഭിഷേക് സിങ്‌വിയുടെ പ്രതികരണം.

രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് വക്താവിന്റെ വിമർശം. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കാണ് കേരളത്തിൽ ലോക്ഡൗൺ ഇളവ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ വിഭാഗം കടകൾ തുറക്കാൻ അനുമതിയുണ്ട്. 

രോഗസ്ഥിരീകരണ നിരക്കുപ്രകാരം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഡി കാറ്റഗറിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളോടെയാണിത്. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക്സ് കട, ഫാൻസിക്കട, സ്വർണക്കട എന്നിവ ഞായറാഴ്ച മുതൽ മൂന്നുദിവസം തുറക്കാൻ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.

Content Highlights: Abhishek singvi criticize kerala government