കണ്ടുനിന്നവരിൽ കരയാത്തവരായി ആരുമുണ്ടായില്ല; ചിരിയും കഥകളുംകനവുകളും ബാക്കിയാക്കി ദേവു യാത്രയായി


അച്ഛൻ ഖത്തറിൽനിന്ന് വന്നപ്പോൾ കൂട്ടുകാരിക്കായി മാറ്റിവെച്ച മിഠായിയും ഉടുപ്പും ആശുപത്രിയിൽനിന്ന് വന്നാലുടൻ എത്തിക്കുമെന്ന് വാക്കുപറഞ്ഞാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. അച്ഛൻ വന്നതിന് പിറ്റേ ദിവസമാണ് നായയുടെ കടിയേറ്റത്.

• അഭിരാമിയുടെ മൃതദേഹത്തിനരികിൽ കരയുന്ന സഹപാഠിയും അമ്മയും, അഭിരാമിക്ക്‌ അന്ത്യചുംബനം നൽകുന്ന അച്ഛൻ ഹരീഷ്. അമ്മ രജനി സമീപം,

റാന്നി: കണ്ടുനിന്നവരിൽ കരയാത്തവരായി ആരുമുണ്ടായില്ല. അഭിരാമിയുടെ (ദേവു) നിഷ്കളങ്ക മുഖത്തേക്ക് നോക്കിയവരെല്ലാം കണ്ണീരൊഴുക്കിയാണ് കടന്നുപോയത്. അഭിരാമിയുമായി കൂടുതൽ അടുപ്പമുണ്ടായിരുന്നവരെത്തുമ്പോഴൊക്കെ അമ്മ രജനിയുടെ നിയന്ത്രണം കൈവിട്ട് അലറിക്കരയുകയായിരുന്നു. മറ്റ് ബന്ധുക്കളെല്ലാം തേങ്ങിക്കരയുമ്പോൾ ദുഃഖം ഉള്ളിലൊതുക്കി അച്ഛൻ ഹരീഷുമുണ്ടായിരുന്നു അവിടെ. മൂന്നരവർഷത്തിനുശേഷം കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാമെന്ന് പ്രതീക്ഷിച്ച് നാട്ടിലെത്തിയ ഹരീഷിന് ഉത്രാടം നാളിൽ മകളെ അന്ത്യയാത്രയാക്കേണ്ട വിധിയാണ് ഉണ്ടായത്.

അഭിരാമിയുടെ പ്രിയകൂട്ടുകാരി ദക്ഷിണയെ കണ്ടപ്പോഴായിരുന്നു അമ്മ രജനിയുടെ സർവനിയന്ത്രണങ്ങളുംവിട്ടത്. ദക്ഷിണയെ കെട്ടിപ്പിടിച്ച് രജനി അലറിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന ദക്ഷിണയുടെ മാതാപിതാക്കൾ മാത്രമല്ല കൂടിയിരുന്ന സ്ത്രീകളെല്ലാം വാവിട്ടുകരഞ്ഞുപോയി. മൈലപ്ര എസ്.എച്ച്. ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് ബി ഡിവിഷനിലെ വിദ്യാർഥിനികളായിരുന്നു ഇവർ. രണ്ടുവർഷമായി ഒരുമിച്ചുപഠിക്കുന്ന ഇവർ ദിവസവും ഫോണിൽ വിളിക്കുമായിരുന്നു. കൂട്ടുകാരിക്ക് സമ്മാനം കൊടുക്കാൻ അഭിരാമി അച്ഛൻ വരാൻ കാത്തിരിക്കുകയായിരുന്നു.

അച്ഛൻ ഖത്തറിൽനിന്ന് വന്നപ്പോൾ കൂട്ടുകാരിക്കായി മാറ്റിവെച്ച മിഠായിയും ഉടുപ്പും ആശുപത്രിയിൽനിന്ന് വന്നാലുടൻ എത്തിക്കുമെന്ന് വാക്കുപറഞ്ഞാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. അച്ഛൻ വന്നതിന് പിറ്റേ ദിവസമാണ് നായയുടെ കടിയേറ്റത്. പിന്നീടവൾക്ക് വിളിക്കാനായില്ല. അച്ഛൻ വിപിന്റെ കൈകളിൽ മുറുകെപ്പിടിച്ച് വീട്ടിലേക്ക് കടന്നുവരുമ്പോൾ ദക്ഷിണ തേങ്ങി. മകളുടെ ക്ലാസ് ടീച്ചറടക്കമുള്ള അധ്യാപകരെത്തിയപ്പോഴും ഇവർക്ക് സങ്കടമടക്കാനായില്ല.

എട്ടുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ വലിയ ജനക്കൂട്ടമായിരുന്നു. ചിരിച്ചു തിരിച്ചുവരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന പിഞ്ചോമനയുടെ ചലനമറ്റ ശരീരം വീട്ടുമുറ്റത്തേക്ക്് എടുത്തപ്പോൾ എല്ലാവരുടെയും നിയന്ത്രണം നഷ്ടമായി. മൃതദേഹം വീട്ടുമുറ്റത്ത് പൊതുദർശനത്തിനുവെച്ച മൂന്നുമണിക്കൂറും തേങ്ങൽ മാത്രമാണ് കേൾക്കാനായിരുന്നത്. സ്ഥലപരിമിതിയിൽ തിരക്ക്് നിയന്ത്രിക്കാൻ ബന്ധുക്കളും നാട്ടുകാരും ശരിക്കും വിഷമിച്ചു.

• അഭിരാമിയുടെ അധ്യാപകർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ

11.20-ഓടെ വീടിന് പിന്നിൽ ഒരുക്കിയ ചിതയിലേക്ക് മൃതദേഹമെടുത്തു. തോർത്തുമുടുത്ത് ആറുവയസ്സുകാരൻ സഹോദരൻ കാശിനാഥാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. മൃതദേഹത്തിൽ വിറക് കൊള്ളികളും രാമച്ചവും വെയ്ക്കുന്ന സമയം സഹായിക്കാനെത്തിയവരോട് ഞാൻ തന്നെവെച്ചുകൊള്ളാം എന്നാണ് കാശിനാഥ് പറഞ്ഞത്. ബന്ധുക്കളായ സിജിൻ, അമ്പാടി എന്നിവരും കർമങ്ങൾ ചെയ്യാൻ കാശിനാഥിനൊപ്പമുണ്ടായിരുന്നു.

പ്രമോദ് നാരായൺ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.മോഹൻ, അനിത അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീലേഖ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.

• അഭിരാമിയുടെ മൃതദേഹത്തിനരികിൽ കരയുന്ന അയൽക്കാരി

അഭിരാമിക്ക് നാടിന്റെ അന്ത്യാഞ്ജലി

റാന്നി: തെരുവുനായയുടെ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമിക്ക് വിട ചൊല്ലാനെത്തിയത് വൻജനാവലി.

പ്രമോദ് നാരായൺ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹൻ, അനിത അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീലേഖ, പെരുനാട് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ എം.വി. വിദ്യാധരൻ, ഷൈൻ ജി.കുറുപ്പ്, എ.ഷംസുദ്ദീൻ, ലിജുജോർജ്, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, ആലിച്ചൻആറൊന്നിൽ, ജെയ്‌സൺപെരുനാട്, സജീർ പേഴുംപാറ, ഡി.സജി, റ്റി.ജെ.ബാബുരാജ്, റോബിൻകെ.തോമസ്, അനിൽകുമാർ, കെ.റ്റി.സജി, എസ്.എസ്.സുരേഷ്, മൈലപ്ര എസ്.എച്ച്‌.സ്‌കൂൾ മാനേജർ ഫാ.പോൾ നിലയ്ക്കൽ, പ്രിൻസിപ്പൽ ജിമ്മി ലൈറ്റ് സി.ജോയ്‌സ്, ഹെഡ്മാസ്റ്റർ സജി വർഗീസ്, ക്ലാസ് ടീച്ചർ മഞ്ജു വർഗീസ് അടക്കമുള്ള അധ്യാപകർ, റാന്നി ഡിവൈ.എസ്.പി. ജി. സന്തോഷ് കുമാർ, പെരുനാട് ഇൻസ്‌പെക്ടർ രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാർ, വിവിധവകുപ്പ് ഉദ്യോഗസ്ഥർ, എസ്.എൻ.ഡി.പി. യോഗം റാന്നി യൂണിയൻ കൺവീനർ മണ്ണടി മോഹൻ, യൂണിയൻ ഭാരവാഹികളായ വസന്തകുമാർ, സന്തോഷ് കുമാർ, പെരുനാട് സംസുക്തസമിതി ഭാരവാഹികളായ പ്രമോദ് വാഴാംകുഴിയിൽ, വിദ്യാധരൻ, രാജു, ശാഖാ പ്രസിഡന്റ് വി.കെ. വാസുദേവൻ, സെക്രട്ടറി രാജൻ തുടങ്ങി ആയിരങ്ങൾ ആദരാഞ്ജലികളർപ്പിക്കാനെത്തി.

Content Highlights: Abhirami Dog Bite Death in pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented