കൊച്ചി:  അഭിമന്യു വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തു. എറണാകുളം പ്രസ് ക്ലബില്‍ പത്രസമ്മേളനത്തിനെത്തിയ ആറ് നേതാക്കളെയാണ് പത്ര സമ്മേളനത്തിനു ശേഷം റോഡില്‍വച്ചു പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. 

അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിശദീകരണം നല്‍കാനാണ് എസ്ഡിപിഐ വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവരേയാണ് കസ്റ്റഡിയിലെടുത്തത്. 

കരുതല്‍ തടങ്കല്‍ എന്ന നിലയിലും ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ തന്നെ ഇവര്‍ വന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാര്‍ത്താ സമ്മേളനത്തിന് ശേഷം ശേഷം പുറത്തിറങ്ങിയ നേതാക്കളെ ഇതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ഇവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. മറ്റ് കേസുകളില്‍ പ്രതിയായ ആളുകളെയാണ് അഭിമന്യു വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുക്കുന്നത്, കേസന്വേഷണം ശരിയായ വിധത്തിലല്ല നടക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. അഭിമന്യു വധത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

Content Highlights: Abhimayu Murder case, SDPI, PopularFront, Eranakulam, Police Arrest SDPI Leaders