കോട്ടയം: സിസ്റ്റര്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ടുമുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് കേസിലെ ഏഴാം സാക്ഷി വര്‍ഗീസ് ചാക്കോ. അഭയകേസില്‍ ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ഫോട്ടോ എടുത്തത് വര്‍ഗീസ് ചാക്കോയാണ്. 

'മൃതദേഹത്തിന്റെ നാലുക്ലോസപ്പ് ഫോട്ടോകളെടുക്കുമ്പോള്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ടുമുറിഞ്ഞ പാട് വ്യക്തമായി കാണാമായിരുന്നു. അന്ന് ആകെ പത്തുഫോട്ടോ ആണ് എടുത്തത് അതില്‍ സി.ബി.ഐ.കാര്‍ക്ക്  ആറുപടമേ ലഭിച്ചുളളൂ.

നാലെണ്ണം നഷ്ടപ്പെട്ടിരുന്നു. സാക്ഷിമൊഴി പറയുമ്പോഴും എന്നെ ഫോട്ടോ കാണിച്ചിരുന്നു. ഞാനെടുത്ത നാലുഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നില്ല. അഭയയുടെ മൃതദേഹം വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പുല്‍പായയില്‍ ഒരു ബെഡ്ഷീറ്റ് ഇട്ട് മൂടി ഇട്ടിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ ചെല്ലാതെ വേഷം മാറ്റാന്‍ നിയമമില്ല. തലയുടെ പിറകില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. അത് പോലീസുകാര്‍ ഫോട്ടോ എടുപ്പിച്ചില്ല. മൃതശരീരത്തിന്റെ മുന്‍ഭാഗം മാത്രമേ എടുത്തിട്ടുളളൂ.' വര്‍ഗീസ് ചാക്കോ പറയുന്നു. 

കാണാതായ നാലുഫോട്ടോകള്‍ ഏതെങ്കിലും തരത്തില്‍ നശപ്പിക്കപ്പെട്ടതാണോ എന്ന ചോദ്യത്തിന് അങ്ങനെയായിരിക്കണമല്ലോ എന്നാണ് വര്‍ഗീസ് ചാക്കോ മറുപടി നല്‍കിയത്. അഭയയുടെ മരണം കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നതെന്നും ചാക്കോ പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭിക്കണം. അഭയയുടെ ആത്മാവിന് ശാന്തി അതുമാത്രമേ താന്‍ ആഗ്രഹിക്കുന്നുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അഭയക്കേസില്‍ ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് ഏഴാം സാക്ഷിയുടെ വെളിപ്പെടുത്തല്‍.

Content Highlights: Sisiter Abhaya mureder case: There was a nail marks on Abhaya's neck says the seventh witness Varghese Chacko