കണ്ണൂര്‍: മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടികള്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടാകും.

മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസിറ്റിട്ട സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ച് കഴിഞ്ഞ 29ന് കെ.പി.സി.സി.കത്ത് നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം നല്‍കാന്‍ അദ്ദേഹം തയാറായില്ല. കെ.പി.സി.സി.യുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ മറുപടി നല്‍കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

തുടര്‍ന്ന് ഇമെയില്‍ വഴിയും റജിസ്‌ട്രേഡ് തപാല്‍ വഴിയും വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി കത്ത് അയച്ചിരുന്നു. കത്ത് അബ്ദുള്ളക്കുട്ടി കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീടും വിശദീകരണം നല്‍കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കുന്നത്. 

മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട സംഭവത്തെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി വേണമെന്ന ആവശ്യം കെ.പി.സി.സി.യില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് വിശദീകരണം തേടിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടപ്പോഴെല്ലാം മറുപടി നല്‍കാന്‍ തയാറായിരുന്നില്ല. അതേസമയം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമങ്ങളിലൂടെ അബ്ദുള്ളകുട്ടി ആവര്‍ത്തിക്കുകയും ചെയ്തു.

Content Highlights: Abdullakutty, praising modi, KPCC